തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസിന്റെ കുറ്റപത്രം ജില്ലാ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. 62 പേജുള്ള കുറ്റപത്രത്തിന്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള ഒരാളെ വിവാഹം കഴിക്കാന്‍ ഗ്രീഷ്മ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണു കൊലയിലേക്കു നയിച്ചതെന്നു വ്യക്തമാക്കുന്നു.
പലവട്ടം ഒഴിഞ്ഞു മാറാന്‍ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ഷാരോണ്‍ പിന്മാറാന്‍ തയാറായില്ല. ഒടുവില്‍ ലൈംഗികബന്ധത്തിനായി വീട്ടിലേക്കു വിളിച്ചുവരുത്തിയശേഷമാണു ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
സൈനികന്റെ വിവാഹാലോചന വന്നതും ഷാരോണിന്റെ സാമ്പത്തിക സ്ഥിതിയും പ്രണയബന്ധം അവസാനിപ്പിക്കാന്‍ കാരണമായി. പല കള്ളങ്ങള്‍ പറഞ്ഞിട്ടും ഷാരോണ്‍ ഉറച്ചുനിന്നു.
ആദ്യം ഡോളോ ഗുളിക കലര്‍ത്തിയ ജൂസ് നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ചു. അതു പരാജയപ്പെട്ടതോടെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം നല്‍കി. കൊലപാതകത്തിന്റെ വിവിധ രീതികള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. ഒടുവില്‍ കഷായത്തില്‍ കളനാശിനി കലര്‍ത്താന്‍ തീരുമാനിച്ചു. 2022 ഒകേ്ടാബര്‍ 14ന് വശീകരിക്കുന്ന രീതിയില്‍ ചാറ്റ് ചെയ്ത ശേഷം ലൈംഗികബന്ധത്തിനായി ഗ്രീഷ്മ ഷാരോണിനെ വീട്ടിലേക്കു വിളിച്ചു വരുത്തി കളനാശിനി ചേര്‍ത്ത കഷായം കുടിപ്പിക്കുകയായിരുന്നു. ഈ വാട്‌സാപ് ചാറ്റിന്റെ തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ട്.
ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരേ ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അമ്മയോടും അമ്മാവനോടും ഷാരോണിനെ കൊലപ്പെടുത്തിയ കാര്യം ഗ്രീഷ്മ പറഞ്ഞിരുന്നു. കൊലപാതകത്തില്‍ പങ്കില്ലെങ്കിലും തെളിവുകള്‍ നശിപ്പിക്കാന്‍ ഇരുവരും സഹായിച്ചു.
142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ വഴിത്തിരിവായത് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ ഷാരോണ്‍ രാജിന്റെ കുടുംബത്തിനു തോന്നിയ സംശയമാണ്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചതിനു ശേഷമാണ് ഗ്രീഷ്മയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വന്നത്. ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതകത്തിലുള്ളതായി കാമുകനായ ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞിരുന്നു. അതില്‍ വിശ്വാസമില്ലെന്നു പറഞ്ഞ ഷാരോണ്‍ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ തയാറായില്ല. ഇതേ തുടര്‍ന്നാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചത്. ഗ്രീഷ്മക്കെതിരേ തെളിവുകള്‍ ശക്തമാണെന്നു കുറ്റപത്രത്തില്‍ പറയുന്നു.
