യുവാവിനെ ബോണറ്റില്‍
ഇടിച്ചിട്ട് യുവതി കാര്‍
ഓടിച്ചത് ഒരു കിലോമീറ്റര്‍

ബംഗളൂരു: റോഡ് അപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ടാറ്റ നെക്‌സോണ്‍ കാറിന്റെ ബോണറ്റില്‍ ഇടിച്ചിട്ട ശേഷം യുവാവിനെ യുവതി വലിച്ചിഴച്ചുകൊണ്ടു പോയത് ഒരു കിലോമീറ്റര്‍ ജനതാ ഭാരതി നഗറിലാണ് ഞെട്ടിക്കുന്ന സംഭവ വികാസങ്ങള്‍ അരങ്ങേറിയതെന്നു പോലീസ് അറിയിച്ചു.

ദര്‍ശന്‍ എന്ന യുവാവിന്റെ മാരുതി സുസുക്കി സ്വിഫ്റ്റ് കാര്‍ പ്രിയങ്ക എന്ന യുവതിയുടെ ടാറ്റ നെക്‌സോണ്‍ എസ്.യു.വിയുമായി തട്ടിയതിനെത്തുടര്‍ന്നു തര്‍ക്കമുണ്ടായി. വാക്കുതര്‍ക്കത്തിനിടെ യുവതി കൈവിരലുകൊണ്ട് അശ്ലീല ആംഗ്യം കാണിച്ചതായാണ് പരാതിയില്‍ പറയുന്നത്. ഇതേത്തുടര്‍ന്നു സംഭവ സ്ഥലത്തുനിന്ന് കാര്‍ ഓടിച്ചു പോകാന്‍ ശ്രമിച്ച യുവതിയെ യുവാവ് കാറിനു മുന്നില്‍ കയറിനിന്നു തടയാന്‍ ശ്രമിച്ചു. ഈ സമയം യുവതി കാറിന്റെ ബോണറ്റിലേക്കു യുവാവിനെ ഇടിച്ചിടുകയും, ബോണറ്റില്‍ അള്ളിപ്പിടിച്ചുകിടന്ന യുവാവുമായി യുവതി ഒരു കിലോമീറ്ററോളം ഓടിച്ചു പോകുകയുമായിരുന്നു.

പ്രിയങ്ക, ദര്‍ശന്‍ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. യശ്വന്ത്, സുജന്‍, വിനയ് എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്നുപേര്‍. കൊലപാതക ശ്രമത്തിന് പ്രിയങ്കയ്‌ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.

Share
അഭിപ്രായം എഴുതാം