സി.ഡി.എം. മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവം: രണ്ടുപേര്‍ കൂടി പിടിയില്‍

മറയൂര്‍: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാഷ് ഡെപ്പോസിറ്റ് മെഷീനി(സി.ഡി.എം)ല്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി അറസ്റ്റില്‍. തേനി കൂടല്ലൂര്‍ സ്വദേശി പ്രഭു(43), കുമരലിംഗം സ്വദേശി ഹക്കിം(40) എന്നിവരാണ് പിടിയിലായത്.
2022 നവംബര്‍ പതിനൊന്നിനാണ് മറയൂര്‍ എസ്.ബി.ഐ. ശാഖയില്‍ സി.ഡി.എമ്മില്‍ 500 രൂപയുടെ 79 കള്ളനോട്ടുകള്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ മറയൂര്‍ പോലീസില്‍ പരാതി നല്‍കി.

സി.സി. ടിവി ദൃശ്യങ്ങളും അക്കൗണ്ട് നമ്പറും പരിശോധിച്ചതിനെത്തുടര്‍ന്ന് മറയൂരിനു സമീപം വാഗവര പജാര്‍ ഡിവിഷനില്‍ കനിരാജി(43)നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കേസ് അന്വേഷണം ഇടുക്കി ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി. തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കള്ളനോട്ട് നിര്‍മാണ കേന്ദ്രം വരെ കണ്ടെത്താന്‍ കഴിഞ്ഞത്. തുടര്‍ന്നു ദിണ്ടുക്കല്‍ നത്തം സ്വദേശികളായ രാംകുമാര്‍, അഴകന്‍, പുതുക്കോട്ട ഓണംകൂടി പഴനികുമാര്‍ എന്നിവരെയും അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം