പത്തനംതിട്ട കലക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: കോടതി ഉത്തരവ് പാലിക്കാത്തതിന് പത്തനംതിട്ട ജില്ലാ കലക്ടര്‍ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്. അനധികൃതമായി നികത്തിയ പാടം പൂര്‍വസ്ഥിതിയിലാണമെന്ന കോടതി നിര്‍ദേശം പാലിക്കാത്തതിനെത്തുടര്‍ന്ന് എടുത്ത കോടതിയലക്ഷ്യ ഹര്‍ജിയിലാണ് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നേരിട്ടു ഹാജരാവാന്‍ ഉത്തരവിട്ടത്.

വയല്‍ നികത്തിയ സംഭവത്തില്‍ പുല്ലാട് സ്വദേശി വര്‍ഗീസ് സി. മാത്യു അയല്‍വാസിയായ മാത്യുവിനെ എതിര്‍കക്ഷിയാക്കി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അനധികൃതമായി വയല്‍ നികത്തിയത് കാരണം തന്റെ പുരയിടത്തില്‍ വെള്ളം കയറുന്നുവെന്നായിരുന്നു ആരോപണം. ഹര്‍ജിയില്‍ ആറ് ആഴ്ചക്കുള്ളില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് 2022 ജൂലൈ 26ന് നിര്‍ദേശം നല്‍കിയിരുന്നു.

കോടതി ഉത്തരവില്‍ ജില്ലാ ഭരണകൂടവും കലക്ടറും നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. 2023 ജനുവരി 31ന് മുമ്പ് കോടതി ഉത്തരവ് നടപ്പാക്കിയാല്‍ കലക്ടര്‍ ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം