റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചവറയില്‍ എന്‍.ഐ.എ. റെയ്ഡ്; ഒരാള്‍ പിടിയില്‍

January 18, 2023 - 9:08 am

കൊല്ലം: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടു കൊല്ലം ചവറയില്‍ എന്‍.ഐ.എ. നടത്തിയ റെയ്ഡില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പി.ആര്‍.ഒയായ ചവറ മുക്കത്തോട് മന്നാടത്തുതറ വീട്ടില്‍ മുഹമ്മദ് സാദിഖി(40)നെ കസ്റ്റഡിയിലെടുത്തു. സാദിഖിന്റെ വീട്ടില്‍നിന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ ശേഖരിച്ചു. ഡയറിയും മൊെബെലും യാത്രാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു എന്‍.ഐ.എ. റെയ്ഡ് നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംബന്ധിച്ചു വ്യക്തമായ സൂചന ലഭിച്ചതോടെയാണ് സാദിഖിനെ കസ്റ്റഡിയിലെടുത്തത്.

കൊച്ചി എന്‍.ഐ.എ. യൂണിറ്റാണ് ചവറ പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. റെയ്ഡിനു തൊട്ടുമുമ്പാണ് എന്‍.ഐ.എ. സംഘം പോലീസിന്റെ സഹായം തേടിയത്. സാദിഖ് എന്‍.ഐ.എയുടെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡ് നാലര മണിക്കൂര്‍ നീണ്ടു. ചവറ ഓട്ടോറിക്ഷാ സ്റ്റാന്‍ഡില്‍ ഡ്രൈവറായിരുന്നു സാദിഖ്. കുറച്ചു കാലമായി ചവറയിലും പരിസര പ്രദേശങ്ങളിലും പെട്ടി ഓട്ടോയില്‍ പച്ചക്കറിയും പഴങ്ങളും വില്‍പന നടത്തുകയാണ്.

കഴിഞ്ഞ മാസം 29 നും കൊല്ലം കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ എന്‍.ഐ.എ. പരിശോധന നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നിരോധനശേഷവും സമാന്തര പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതായി എന്‍.ഐ.എ. കണ്ടെത്തിയതിനെത്തുടര്‍ന്നാണു വീണ്ടും പരിശോധന നടത്തിയത്. കസ്റ്റഡിയിലെടുത്ത സാദിഖിനെ എന്‍.ഐ.എ. സംഘം കൊച്ചിയിലേക്കു കൊണ്ടുപോയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *