റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പറ്റിച്ചിട്ടില്ല; പണം തിരികെ നല്‍കും

January 13, 2023 - 4:39 pm

തൃശൂര്‍: ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും സേഫ് ആന്‍ഡ് സ്‌ട്രോങ് തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണ. ആരോഗ്യപരിശോധനയ്ക്ക് പോലീസ് ജനറല്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു പരാമര്‍ശം. ബിസിനസ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ച്ചതാഴ്ചകളുണ്ടാകും. ജാമ്യം നേടാനായാണ് മാറി നിന്നതെന്നും റാണ പറഞ്ഞു. അക്കൗണ്ടില്‍ പണമില്ലെന്ന പോലീസ് പരാമര്‍ശത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കൃത്യമായി മറുപടി നല്‍കിയില്ല.

വ്യാഴാഴ്ച (12.01.2023) ഉച്ചയ്ക്ക് 11.30 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയെ രാത്രി രാമവര്‍മപുരത്തെ കസ്റ്റഡി സെന്ററിലേക്കു മാറ്റി. വെള്ളിയാഴ്ച (13.01.2023) കോടതിയില്‍ ഹാജരാക്കും. നിലവില്‍ 31 കേസുകളാണ് റാണയ്‌ക്കെതിരേയുള്ളത്. പരാതികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കേസുകളെടുക്കണോ എന്ന് പോലീസ് നിയമവൃത്തങ്ങളുമായി ചര്‍ച്ചയിലാണ്.അറസ്റ്റിനു ശേഷം കൂടുതല്‍ പരാതികളെത്തി. ഐ.പി.സി. 406, 420 വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ്.

10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന നിയമവിരുദ്ധ നിക്ഷേപ നിരോധന ആക്ടും ചുമത്തി. 150 കോടി രൂപയുടെ തട്ടിപ്പാണ് റാണ നടത്തിയതെന്നാണ് കണക്കുകൂട്ടല്‍.
ധൂര്‍ത്തും ധാരാളിത്തവുമാണ് ദരിദ്രനാക്കിയതെന്നു റാണ പോലീസിനോടു സമ്മതിച്ചെന്നാണ് വിവരം. കണ്ണൂരിലെ വ്യാപാരപങ്കാളി ഷൗക്കത്തിന് കടം നല്‍കിയ 16 കോടിയും പാലക്കാട് വാങ്ങിയ 52 സെന്റ് സ്ഥലവുമാണ് അവശേഷിക്കുന്നതെന്നും പറഞ്ഞു. ഒരു വര്‍ഷം മുമ്പ് നടത്തിയ വിവാഹത്തിനും കോടികള്‍ പൊട്ടിച്ചു. സിനിമയെടുത്തും ധൂര്‍ത്തടിച്ചു. അനുചരന്മാരേയും അംഗരക്ഷകരേയും കൊണ്ടുനടക്കാനും വന്‍തുകയായെന്നും റാണ പറയുന്നു. അതേസമയം ഇതൊന്നും പോലീസ് മുഖവിലയ്‌ക്കെടുക്കുന്നില്ല. അടിച്ചുമാറ്റിയ തുക ഭാവിയില്‍ ഉപയോഗിക്കാനുള്ള നീക്കമായാണ് ഇതിനെ കാണുന്നത്. ഉറ്റ അനുചരന്മാരുടെ പേരില്‍ ഒരു കൊല്ലം മുമ്പേ റാണ ബിനാമി നിക്ഷേപം തുടങ്ങിയെന്നാണ് വിവരം. ഇത് സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ശേഖരിക്കുകയാണ് പോലീസ്. അനൂപ്, മനീഷ്, മനോജ് എന്നീ വിശ്വസ്തരിലേക്കും അന്വേഷണം നീളും. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവും. പൊള്ളാച്ചിയിലേക്ക് രക്ഷപ്പെടാന്‍ ഉപയോഗിച്ച ബന്ധു പ്രതീഷിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *