ന്യൂഡല്‍ഹി: മൂന്നു ദിവസംകൊണ്ട് ഏഴു ഭൂഖണ്ഡങ്ങളും സന്ദര്‍ശിച്ച് ഗിന്നസ് റെക്കോഡിട്ട് ഇന്ത്യക്കാര്‍. ഡോ. അലി ഇറാനിയും സുഹൃത്ത് സുജോയ് കുമാര്‍ മിത്രയുമാണ് 73 മണിക്കൂര്‍ കൊണ്ട് ഏഴു വന്‍കരകളും സന്ദര്‍ശിച്ച് പുതുചരിത്രം കുറിച്ചത്.
ഏറ്റവും വേഗത്തില്‍ ഏഴു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്തതിന്റെ റെക്കോഡാണ് ഇരുവരും സ്വന്തമാക്കിയത്. ഡിസംബര്‍ നാലിന് അന്റാര്‍ട്ടിക്കയില്‍ നിന്നു തുടങ്ങിയ യാത്ര ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങള്‍ ചുറ്റി ഡിസംബര്‍ ഏഴിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ അവസാനിച്ചു.
മൂന്നു ദിവസവും ഒരു മണിക്കൂറും അഞ്ചു മിനിട്ടും നാലു സെക്കന്‍ഡുമാണ് ഈ യാത്ര പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നതെന്ന് ഡോ. അലി ഇറാനി പറഞ്ഞു.
”ഇന്ന് ഞങ്ങള്‍ ഒരു റെക്കോഡ് തകര്‍ക്കുന്നതില്‍ വിജയിച്ചേക്കാം, എന്നാല്‍ നാളെ മറ്റൊരാള്‍ ഞങ്ങളുടെ റെക്കോഡ് ഭേദിക്കും”-ഡോ. അലിയും സുജോയ് കുമാര്‍ മിത്രയും പറഞ്ഞു.
ഇരുവരുടെയും റെക്കോഡ് ഗിന്നസ് വേള്‍ഡ് റെക്കോഡ് അധികൃതര്‍ പരിശോധിച്ച് ഔദ്യോഗികമായി അംഗീകരിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റും ഡോ. അലി തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊെഫെലില്‍ പങ്കുവച്ചു.വേഗത്തില്‍ ഏഴു വന്‍കരകള്‍ കീഴടക്കിയ ഗിന്നസ് റെക്കോഡ് നേരത്തേ യു.എ.ഇ. പൗരന്‍ ഡോ. ഖാവ്‌ല അല്‍റൊമെയ്തിയുടെ പേരിലായിരുന്നു.




