കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സത്തിന് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് കോര്‍പ്പറേഷന്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കലോത്സവ വേദികള്‍ക്ക് പുറത്ത് കച്ചവടം നടത്തുമ്പോള്‍ ഉള്ള തിരക്ക് കുറയ്ക്കാനുമായി വേദികള്‍ക്ക് അരികില്‍ ഉന്തുവണ്ടി കച്ചവടം അനുവദിക്കില്ലെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ് അറിയിച്ചു.
ലൈസന്‍സ് ഉള്ള കച്ചവടക്കാര്‍ക്ക് നിലവില്‍ കച്ചവടം ചെയ്യുന്ന സ്ഥലത്ത് തുടരാം. ഏതെങ്കിലും മത്സര ഇനങ്ങള്‍ വൈകിയാല്‍ കുട്ടികള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ വേദിക്കരികില്‍ ബിസ്‌ക്കറ്റും വെള്ളവും ലഭ്യമാവുന്ന സ്റ്റാളുകള്‍ തുറക്കാന്‍ സംഘാടക സമിതിയോട് അഭ്യര്‍ഥിക്കുമെന്നും മേയര്‍ അറിയിച്ചു.കോഴിക്കോടിന്റെ രുചി നുണയുന്നവര്‍ വൃത്തിയുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഉറപ്പാക്കാന്‍ കലോത്സവം കഴിയും വരെ സ്‌ക്വാഡ് രൂപീകരിച്ച് രാപ്പകല്‍ പരിശോധന നടത്തും. നഗരത്തില്‍ നിന്നും കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ഉള്ള ടോള്‍ ഫ്രീ നമ്പര്‍ രണ്ട് ദിവസത്തിനകം ലഭ്യമാക്കും.
ശുചിത്വ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കലോത്സവ നടത്തിപ്പ്. നഗരത്തിലെ പണി തീര്‍ന്ന മുഴുവന്‍ ടോയ്ലറ്റുകളും കോര്‍പ്പറേഷന്‍ തൊഴിലാളികളെ ഉപയോഗിച്ച് തുറന്നുകൊടുക്കും. കലോത്സവത്തിന് മുന്നോടിയായി കോഴിക്കോട് നഗരം മുഴുവന്‍ ശുചീകരിക്കും. എല്ലാ വേദികളിലും മാലിന്യ ബിന്നുകളും ശുചീകരണ തൊഴിലാളികളേയും ഉറപ്പാക്കും. കലോത്സവം നടക്കുന്ന ദിവസങ്ങളില്‍ തുടര്‍ച്ചയായി ബീച്ച് ശുചീകരിക്കും എന്നും മേയര്‍ അറിയിച്ചു.



