മണ്ഡലത്തിലെ പരാതികൾ റവന്യൂ അസംബ്ലിയിൽ അവതരിപ്പിച്ചു
കുടിവെള്ളക്ഷാമത്തിന് പരിഹാരമായി നിർദ്ദേശിച്ച ഡീസാലിനേഷൻ പ്ലാന്റ് നിർമ്മാണത്തിന് കുഴുപ്പിള്ളി പഞ്ചായത്തിൽ കണ്ടെത്തിയ 60 സെന്റ് സ്ഥലം ജല അതോറിറ്റിക്ക് കൈമാറാത്ത പ്രശ്‌നം അടിയന്തിരമായി പരിഹരിക്കണമെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ. തിരുവനന്തപുരത്ത് നടന്ന റവന്യു വകുപ്പിന്റെ വിഷൻ ആൻഡ് മിഷൻ 2021 – 26 എറണാകുളം ജില്ല റവന്യു അസംബ്ലിയിലാണ് എംഎൽഎ ആവശ്യം ഉന്നയിച്ചത്. ജല അതോറിറ്റി സേവന വകുപ്പല്ലെന്നു പറഞ്ഞാണ് ഭൂമി കൈമാറാത്തത്.
വൈപ്പിൻ താലൂക്ക് രൂപീകരിക്കുക, കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ ഫണ്ട് സമയബന്ധിതമായി വിനിയോഗിക്കുക തുടങ്ങി മണ്ഡലത്തിൽ റവന്യൂ സംബന്ധമായി അടിയന്തിര പ്രാധാന്യമുള്ള മറ്റു വിഷയങ്ങളും റവന്യു മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.എൻ ഉണ്ണിക്കൃഷ്ണൻ ഉന്നയിച്ചു. നായരമ്പലം ഗ്രാമ പഞ്ചായത്തിലെ ഭഗവതി റോഡ് വീതി കൂട്ടുന്നതിന് റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള 1.71 ആർ പുറമ്പോക്ക് ഭൂമി ലഭ്യമാക്കാൻ നടപടിയെടുക്കണം.
ഗ്രാമ പഞ്ചായത്ത് സേവന വകുപ്പല്ലെന്ന കാരണത്താലാണ് ഭൂമി അനുവദിച്ചു നൽകാത്തത്. സ്ഥലം ലഭ്യമാകുന്ന അനുമതിക്കായി ലാൻഡ് റവന്യൂ കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. അമ്പതോളം കുടുംബങ്ങൾക്ക് പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ആശ്രയമായ ഭഗവതി റോഡിന്റെ നിർമ്മാണം നിലച്ചിരിക്കുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തിൽ പട്ടികജാതിയിൽപെട്ട 27 കുടുംബങ്ങൾക്ക് വീട് വയ്ക്കുന്നതിന് 1989ൽ പതിച്ചു നൽകിയ നാല് സെന്റ് വീതം ഭൂമി പോക്കുവരവ് നടത്തുന്നതിന് അനുമതി നൽകണം. വർഷങ്ങളായി താമസിക്കുന്നവരായിട്ടും പട്ടയം ലഭിക്കാത്ത കുഴുപ്പിള്ളി, മുളവുകാട് വില്ലേജ് പരിധികളിലെ പ്രശ്‌നം പരിഹരിക്കണമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് മന്ത്രിക്ക് എംഎൽഎ നിവേദനവും നൽകി.
തിരുവനന്തപുരം പിടിപി നഗർ ഐഎൽഡിഎം കാമ്പസ് കോൺഫറൻസ് ഹാളിൽ നടന്ന റവന്യൂ അസംബ്ലിയിൽ മന്ത്രി പി. രാജീവ്, ലാൻഡ് റവന്യൂ കമ്മീഷണർ ടി.വി അനുപമ, എറണാകുളം ജില്ലാ കളക്‌ടർ ഡോ. രേണുരാജ് എന്നിവരും പങ്കെടുത്തു.

