റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ക്രിമിനല്‍ കേസിലെ സമന്‍സ്, സ്ത്രീകള്‍ക്കുകൈപ്പറ്റാന്‍ കഴിയാത്തതു വിവേചനമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ ഹര്‍ജി. നിലവില്‍ പ്രായപൂര്‍ത്തിയായ പുരുഷനു മാത്രമേ സമന്‍സ് ഒപ്പിട്ടു കൈപ്പറ്റാന്‍ അനുവാദമുള്ളൂ. കുടുംബത്തിലെ പ്രായപൂര്‍ത്തിയായ പുരുഷ അംഗങ്ങള്‍ മാത്രമേ സമന്‍സ് കൈപ്പറ്റാവൂ എന്ന ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 64-ാം വകുപ്പ് ലിംഗവിവേചനമാണെന്നു ചൂണ്ടിക്കാട്ടിയാണു പൊതുതാല്‍പര്യ ഹര്‍ജി.

സമന്‍സ് കൈപ്പറ്റാന്‍ സ്ത്രീകളെ അനുവദിക്കാത്തതിനെതിരായ റിട്ട് ഹര്‍ജി ഫയലില്‍ സ്വീകരിച്ച ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് എതിര്‍കക്ഷികള്‍ക്കു നോട്ടീസയച്ചു. കേന്ദ്രസര്‍ക്കാര്‍ നാലാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ മറുപടി നല്‍കണം. കേസില്‍ സുപ്രീംകോടതി സംസ്ഥാനങ്ങളുടെയും വിശദീകരണം തേടും.അതേസമയം, 1908-ലെ സിവില്‍ നടപടിച്ചട്ടത്തില്‍ ഈ വിവേചനമില്ല. പ്രായപൂര്‍ത്തിയായ ആര്‍ക്കും സമന്‍സ് കൈപ്പറ്റാം. എന്നാല്‍ 65 വര്‍ഷത്തിനു ശേഷം 1973-ല്‍ പാസാക്കിയ ക്രിമിനല്‍ നടപടിച്ചട്ടത്തിലാണു സമന്‍സിന്റെ കാര്യത്തില്‍ ലിംഗവിവേചനമുള്ളതെന്നു കുഷ് കല്‍റ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

സമന്‍സ് കൈപ്പറ്റേണ്ടയാള്‍ വീട്ടിലില്ലെങ്കില്‍ കുടുംബത്തിലെ പ്രായപൂര്‍ത്തിയായ പുരുഷ അംഗത്തിന് അതു സ്വീകരിക്കാമെന്നാണു 64-ാം വകുപ്പ് പറയുന്നത്.
സ്വകാര്യത മാനിച്ചാണു സ്ത്രീകള്‍ സമന്‍സ് കൈപ്പറ്റുന്നത് ഒഴിവാക്കിയത് എന്നാണു ഇതിനെ അനുകൂലിയ്ക്കുന്നവരുടെ നിലപാട്. കുടുംബജീവിതത്തെ ദോഷമായി ബാധിക്കുന്നു. ക്രിമിനല്‍ കേസ് തികച്ചും സ്വകാര്യ വിഷയമായതിനാലാണു സ്ത്രീകളെ അറിയിക്കാത്തതെന്നാണു മറ്റൊരു വാദം. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള രീതിയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *