ഇടുക്കി: കണ്ടെയ്‌നർ ലോറിയിൽനിന്ന് ഗ്രാനൈറ്റ് താഴെയിറക്കുന്നതിനിടെ ഗ്രാനൈറ്റിനടിയിൽപ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ പ്രദീപ്, സുദൻ എന്നിവരാണ് മരിച്ചത്. നെടുങ്കണ്ടം മൈലാടുംപാറ ആട്ടുപാറയിൽ 2022 ഡിസംബർ 8 വ്യാഴാഴ്ച വൈകീട്ട് 4.30നാണ് സംഭവം.
ആട്ടുപാറയിലെ സ്വകാര്യ എസ്റ്റേറ്റിലേക്ക് തോട്ടം പണിയുമായി ബന്ധപ്പെട്ടാണ് ഗ്രാനൈറ്റ് കൊണ്ടുവന്നത്. തൊഴിലാളികൾ കണ്ടെയ്‌നറിൽനിന്ന് ഗ്രാനൈറ്റ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പാളികളായി അടുക്കിവെച്ചിരുന്ന ഗ്രാനൈറ്റ് ഇരുവരുടെയും മേൽ മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് ആളെക്കൂട്ടി.
ഗ്രാനൈറ്റിനടിയിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ നാട്ടുകാർ ചേർന്ന് ശ്രമിച്ചെങ്കിലും വിഫലമായി. ഒരു ഗ്രാനൈറ്റ് പാളിക്ക് 250 കിലോഗ്രാമിലധികം ഭാരമുണ്ട്. ഒന്നര മണിക്കൂറോളം നീണ്ട പ്രയ്തനത്തിനൊടുവിലാണ് ഗ്രാനൈറ്റ് ഇവരുടെ ശരീരത്തിന് മുകളിൽനിന്ന് എടുത്തുമാറ്റാനായത്. ഫയർഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് ഗ്രാനൈറ്റ് ഓരോ പാളികളായി എടുത്തുമാറ്റി ഇവരെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു


