റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശബരിമല ഡ്യൂട്ടി: താല്‍ക്കാലിക ഡ്രൈവര്‍ നിയമനത്തിലും ക്രമക്കേടെന്ന്

തൊടുപുഴ: ശബരിമല ഡ്യൂട്ടിക്കായി താല്‍ക്കാലിക കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരുടെ നിയമനത്തില്‍ ക്രമക്കേടിന് ശ്രമമെന്ന് ആരോപണം. പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവരും ലിസ്റ്റില്‍ ഉള്‍പ്പെട്ട എമ്പാനല്‍ ഡ്രൈവര്‍മാരുമാണ് തൊടുപുഴയില്‍ നടത്തിയ ടെസ്റ്റിനിടെ പ്രതിഷേധം ഉയര്‍ത്തിയത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡ്രൈവിങ് ടെസ്റ്റും പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനും കഴിഞ്ഞ് നിയമനം കാത്തിരിക്കുന്നവരോട് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വീണ്ടും ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടത്തണമെന്ന് ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിനു കാരണം. ഇതുകൂടാതെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ഉള്ളപ്പോള്‍ പുതിയ അപേക്ഷകരെ വിളിച്ചതും പ്രതിഷേധത്തിനിടയാക്കി.

17/11/2022 രാവിലെ 11 മണിയോടെയാണ് തൊടുപുഴ – പെരുമ്പള്ളിച്ചിറ റൂട്ടിലെ ഗ്രൗണ്ടിലാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനെത്തിയത്. നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ടെസ്റ്റിനായി തലേദിവസം ഫോണിലൂടെയാണ് വിവരമറിയിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. ഇരുന്നൂറോളം ഉദ്യോഗാര്‍ഥികളാണ് ടെസ്റ്റിനായെത്തിയത്. എന്നാല്‍ വന്ന ഡ്രൈവര്‍മാര്‍ എല്ലാവരും സ്ഥലത്തെത്തിച്ച കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച് ഗ്രൗണ്ട് ടെസ്റ്റും റോഡ് ടെസ്റ്റും നടത്തണമെന്ന് അധികൃതര്‍ നിലപാടെടുത്തു. ഇതോടെ ഡ്രൈവര്‍മാര്‍ പ്രതിഷേധം ആരംഭിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഡ്രൈവിങ് ടെസ്റ്റും പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനും കഴിഞ്ഞ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിയമനം കാത്തിരിക്കുന്ന തങ്ങളെന്ന് ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.

ബദലി പദ്ധതിയെന്ന പേരിലാണ് ശബരിമല ഡ്യൂട്ടിക്കായി കെ.എസ്.ആര്‍.ടി.സി താല്‍ക്കാലിക ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും നിയമിക്കുന്നത്. ഇത്തരത്തിലുള്ള താല്‍ക്കാലിക നിയമനങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്ത സ്ഥിരം നിയമനത്തിനുള്ള ഒഴിവുകളിലേക്കും തങ്ങളെയാണ് ആദ്യം പരിഗണിക്കേണ്ടതെന്ന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള െഹെക്കോടതി ഉത്തരവും ഉദ്യോഗാര്‍ഥികള്‍ സ്ഥലത്തുണ്ടായിരുന്ന ഡി.ടി.ഓയും വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും അടക്കമുള്ള ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാക്കി.

റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ കൂടാതെ പുതിയ അപേക്ഷകരും ടെസ്റ്റിനായി എത്തിയിരുന്നു.തങ്ങളെ തഴഞ്ഞ് പുറത്ത് നിന്നുള്ള ഉദ്യാഗാര്‍ഥികള്‍ക്ക് നിയമനം നല്‍കിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ പറഞ്ഞു.
ഏറെ സമയത്തെ തര്‍ക്കങ്ങള്‍ക്ക് ശേഷം പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് ടെസ്റ്റ് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇതിന് ശേഷം പുതുതായി വന്ന അപേക്ഷകര്‍ക്ക് മാത്രമാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്.

കെ.എസ്.ആര്‍.ടി.സി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്നും ആരെയും മനപ്പൂര്‍വം ഒഴിവാക്കിയിട്ടില്ലെന്നും ഡി.ടി.ഒ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *