ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,000 കോടി രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തിയശേഷം ബ്രിട്ടനിലേക്ക് കടന്ന വജ്രവ്യാപാരി നീരവ് മോദിയെ വിട്ടുകിട്ടാന്‍ സാധ്യതയേറി. തട്ടിപ്പുകേസില്‍ വിചാരണ നേരിടുന്നതിനായി ഇന്ത്യക്ക് കൈമാറുന്നതിനെതിരേ മോദി നല്‍കിയ അപ്പീല്‍ ലണ്ടന്‍ ഹൈക്കോടതി തള്ളി.അതേ സമയം, മോദിയെ വിട്ടുകിട്ടാന്‍ ചില കടമ്പകള്‍ കൂടി കടക്കേണ്ടതുണ്ട്. ഹൈക്കോടതി ഉത്തരവിനെതിരേ 14 ദിവസത്തിനുള്ളില്‍ മോദിക്ക് ബ്രിട്ടന്റെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനും അവസരമുണ്ട്. വജ്രവ്യാപാരിയായ നീരവ് 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്. 11,000 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറില്‍ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.



