തൃശൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് സമനില തെറ്റിയ പോലെയാണ് പലപ്പോഴും പെരുമാറുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് വിമര്‍ശിച്ചു. ചാന്‍സലര്‍ പദവിയില്‍ നിന്നു ഗവര്‍ണറെ നീക്കാന്‍ ഏതറ്റം വരെയും പോകാന്‍ സര്‍ക്കാരിന് ഇടതുമുന്നണി അനുമതി നല്‍കിയിട്ടുണ്ടെന്ന് സി.പി.എം. ജില്ലാകമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഗവര്‍ണറുടെ നിലപാട് സ്വേഛാപരവും നിയമവിരുദ്ധവുമാണ്. മാധ്യമങ്ങളോടും ശത്രുതാപരമായ നിലപാടാണ്.
ചില മാധ്യമപ്രവര്‍ത്തകരെ ഗവര്‍ണര്‍ പുറത്താക്കിയപ്പോള്‍ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഗവര്‍ണറുടെ പ്രതികരണത്തിന് കാത്തുനിന്നത് എന്തുകൊണ്ടാണെന്ന് ആലോചിക്കണം. ജനങ്ങള്‍ക്കിടയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനാണ് സി.പി.എം. വീടുകളിലേക്ക് ലഘുലേഖ എത്തിക്കുന്നത്. ഗവര്‍ണറുടെ നിലപാടുകള്‍ക്ക് എതിരേ ജനങ്ങളെ അണിനിരത്താനാണ് ശ്രമം. തിരുവനന്തപുരത്ത് മേയറുടെ കത്ത് വിവാദം സി.പി.എം. ജില്ലാകമ്മിറ്റിയാണ് അന്വേഷിക്കുന്നത്.



