റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ധാന്യക്കയറ്റുമതി റഷ്യ തടഞ്ഞു: വിലക്കയറ്റഭീഷണി

October 31, 2022 - 11:33 am

മോസ്‌കോ: കരിങ്കടല്‍ തീരത്തെ തുറമുഖങ്ങള്‍ വഴി യുക്രൈനു ഭക്ഷ്യ ധാന്യങ്ങള്‍ കയറ്റുമതി ചെയ്യാന്‍ അനുമതി നല്‍കിയ കരാറില്‍ നിന്നു പിന്മാറുകയാണെന്നു റഷ്യ. ഇതോടെ ലോകം ഭക്ഷ്യധാന്യക്ഷാമ ഭീഷണിയില്‍.

ക്രിമിയന്‍ തുറമുഖ നഗരമായ സെവാസ്‌റ്റോപോളില്‍ ശനിയാഴ്ച യുക്രൈന്‍ നടത്തിയ അതിരൂക്ഷമായ ഡ്രോണ്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് റഷ്യയുടെ നടപടി. ഫെബ്രുവരിയില്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തോടെ ഉടലെടുത്ത ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയുടെയും തുര്‍ക്കിയുടെയും മധ്യസ്ഥതയില്‍ കഴിഞ്ഞ ജൂെലെയിലാണ് കരാറൊപ്പിട്ടത്. ഇതുവഴി യുക്രൈന്റെ കരിങ്കടല്‍ തുറമുഖങ്ങളിലൂടെയുള്ള ധാന്യക്കയറ്റുമതി തടയില്ലെന്നു റഷ്യ ഉറപ്പു നല്‍കി. ലോകത്തിലെ ഏറ്റവും പ്രധാന ഭക്ഷ്യധാന്യ കയറ്റുമതി രാജ്യങ്ങളിലൊന്നാണ് യുക്രൈന്‍. കരാറനുസരിച്ച് ഇതുവരെ 90 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ തെക്കന്‍ തുറമുഖങ്ങള്‍ വഴി യുക്രൈന്‍ കയറ്റുമതി ചെയ്തു. നവംബര്‍ 19 ന് കരാര്‍ പുതുക്കാനിരിക്കെയാണു റഷ്യയുടെ പിന്‍മാറ്റം.

റഷ്യന്‍ നീക്കത്തെ സ്ഥിരം നാടകമെന്നായിരുന്നു യുക്രൈന്‍ പ്രസിഡന്റ് വൊേളാഡിമര്‍ സെലന്‍സ്‌കി വിശേഷിപ്പിച്ചത്. 20 ലക്ഷം ടണ്‍ ധാന്യങ്ങള്‍ കയറ്റിയ 176 കപ്പലുകളെ റഷ്യ ഇപ്പോള്‍ തന്നെ തടഞ്ഞിരിക്കുകയാണെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി അറിയിച്ചു. 70 ലക്ഷം പേരുടെ വിശപ്പുമാറ്റാന്‍ ഈ ധാന്യങ്ങള്‍ കൊണ്ടു കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ ഉപരോധം മൂലം യുക്രൈനില്‍നിന്നുള്ള ഗോതമ്പ്, ചോളം, സൂര്യകാന്തി എണ്ണ എന്നിവയുടെ കയറ്റുമതിയാകും തടസപ്പെടുക. സൂര്യകാന്തി എണ്ണയ്ക്കായി ലോകരാജ്യങ്ങള്‍ ഏറ്റവും ആശ്രയിക്കുന്നത് യുക്രൈനെയാണ്. ആഗോള വിപണിയുടെ 42 ശതമാനമാണ് യുക്രൈന്റെ പങ്ക്. ലോകവിപണിക്ക് ആവശ്യമായ ചോളത്തിന്റെ 16 ശതമാനമാണ് യുക്രൈന്റെ സംഭാവന. ബാര്‍ലി(10%), ഗോതമ്പ്(9%) എന്നിവയ്ക്കായും ലോകരാജ്യങ്ങള്‍ യുക്രൈനെ ആശ്രയിക്കുന്നുണ്ട്.

യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ലോകവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില വലിയതോതില്‍ കൂടിയിരുന്നു. കയറ്റുമതി നിലച്ചതും യുക്രൈനിലെ കൃഷിയിടങ്ങള്‍ തകര്‍ന്നതുമായിരുന്നു കാരണം. ഇതേത്തുടര്‍ന്നാണു ജൂെലെയില്‍ യു.എന്‍. ഇടപെട്ട് കരാറുണ്ടാക്കിയത്. അന്നു ലോകവിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില ഒന്‍പത് ശതമാനമാണ് കുറഞ്ഞത്.ലോകവിപണിയിലേക്ക് ഓഗസ്റ്റില്‍ 30 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് യുക്രൈന്‍ കയറ്റുമതി ചെയ്തത്. സെപ്റ്റംബറില്‍ ഇതു 40 ലക്ഷം ടണ്ണായി ഉയര്‍ന്നു. ആഗോള വിപണിയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞുവരികെയാണ് തര്‍ക്കം വീണ്ടും രൂക്ഷമായത്.

സ്‌പെയിന്‍, തുര്‍ക്കി, ഇറ്റലി, ചൈന, നെതര്‍ലന്‍ഡ്‌സ് , ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയാണ് യുക്രൈനെ കൂടുതലായി ആശ്രയിക്കുന്നത്. കയറ്റുമതിയുടെ 44 ശതമാനവും ധനിക രാജ്യങ്ങളിലേക്കാണ്. 30 ശതമാനം ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലേക്കും. റഷ്യയുടെ തീരുമാനം ഈ രാജ്യങ്ങള്‍ക്കു തിരിച്ചടിയാകും.യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നു മൂന്നു കോടി ടണ്‍ ഭക്ഷധാന്യങ്ങളുടെ ക്ഷാമമാണു ആഫ്രിക്കന്‍ വിപണിയിലുള്ളതെന്നാണ് ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ കണക്ക്. ഇതേത്തുടര്‍ന്നു ഭക്ഷ്യധാന്യ വില 40 ശതമാനം കൂടി. നൈജീരിയയില്‍ വിലക്കയറ്റം 50 ശതമാനമാണ്. സിറിയയില്‍ റൊട്ടിയുടെ വില ഇരട്ടിയായി.സംഘര്‍ഷത്തില്‍ ബ്രിട്ടനു പങ്കുണ്ടെന്ന ആരോപണവും കൂടുതല്‍ പ്രതിസന്ധിക്കിടയാക്കും. എന്നാല്‍, റഷ്യന്‍വാദം കളവാണെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *