കൊച്ചി: ഐ.എസ്.എല്‍. ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിനു വീണ്ടും തോല്‍വി. സ്വന്തം തട്ടകമായ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അവര്‍ മുംബൈ സിറ്റിയോട് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് കീഴടങ്ങിയത്. മെഹ്താബ് സിങ്, പെരേര ഡയസ് എന്നിവര്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്കായി ഗോളടിച്ചു. നാല് കളികളില്‍നിന്ന് ഒരു ജയവും മൂന്ന് തോല്‍വിയും അടക്കം മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് തുടരുകയാണു ബ്ലാസ്റ്റേഴ്സ്. നാല് കളികളില്‍നിന്ന് എട്ട് പോയിന്റ് നേടിയ മുംബൈ സിറ്റി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ഒഡീഷയും അവരും തമ്മില്‍ ഒരു പോയിന്റ് അകലം മാത്രമാണ്. നവംബര്‍ അഞ്ചിന് ഗുവാഹത്തിയില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. കൊച്ചിയിലെ കളി 13 നു എഫ്.സി. ഗോവക്കെതിരേയാണ്.
ഇവാന്‍ വുകോമനോവിച്ച് സ്റ്റാര്‍ട്ടിങ് ഇലവനില്‍നിന്ന് ഇവാന്‍ കലിയുഷ്നി, ഹോര്‍മിപാം എന്നിവരെ പുറത്തിരുത്തി. പ്രതിരോധത്തില്‍ ഹോര്‍മിപാമിന് പകരം വിക്ടര്‍ മൊംഗില്‍ എത്തി. ഒപ്പം മാര്‍കോ ലെസ്‌കോവിച്ച്, ജെസെല്‍ കര്‍ണെയ്റാേ, ഹര്‍മന്‍ജോത് ഖബ്ര എന്നിവരും. കലിയുഷ്നിയുടെ സ്ഥാനം മലയാളിതാരം കെ.പി. രാഹുലിനായിരുന്നു. രാഹുല്‍, അഡ്രിയാന്‍ ലൂണ, ജീക്സണ്‍ സിങ്, പുയ്ട്ടിയ എന്നിവര്‍ മധ്യനിരയില്‍. ഗോളടിക്കാന്‍ സഹല്‍ അബ്ദുള്‍ സമദും ദിമിത്രിയാസ് ഡയമന്റാകോസും. ഗോള്‍ കീപ്പറായി പ്രഭുസുഖന്‍ ഗില്‍ തുടര്‍ന്നു. ഫുര്‍ഭ ലാചെന്‍പയാണ് മുംബൈയുടെ ഗോള്‍വലയ്ക്ക് കാവലായത്. രാഹുല്‍ ബെക്കെ, റോസ്റ്റിന്‍ ഗ്രിഫ്ത്സ്, മെഹ്താബ് സിങ്, സഞ്ജീവ് സ്റ്റാലിന്‍ എന്നിവര്‍ പ്രതിരോധിക്കാന്‍. മധ്യനിരയില്‍ അഹമ്മദ് ജാഹു, ലാലെങ്മാവിയ റാള്‍ട്ടെ, ബിപിന്‍ സിങ് എന്നിവര്‍. മുന്നേറ്റത്തില്‍ ഗ്രെഗ് സ്റ്റിയുവര്‍ട്ട്, ജോര്‍ജ് ഡയസ്, ലാലിയന്‍സുവാല ചാങ്തെ എന്നിവരും അണിനിരന്നു. കളിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് മുംബൈ പോസ്റ്റിലേക്ക് ആക്രമണം നടത്തി. രണ്ടാം മിനിറ്റില്‍ പ്രഭ്സുഖന്റെ ഗോള്‍ കിക്ക് പ്രതിരോധിച്ച രാഹുല്‍ ബെക്കെയ്ക്ക് പിഴച്ചു. പന്ത് പിടിച്ചെടുത്ത് ഡയമന്റാകോസിന്റെ മുന്നേറ്റം ഫലംകണ്ടില്ല. ആറാം മിനിറ്റില്‍ വലതുമൂലയില്‍നിന്നും മുംബൈ താരം ചാങ്തെ ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ക്രോസ് നല്‍കിയെങ്കിലും പ്രഭുസുഖന്റെ കൈയിലായി. 21-ാം മിനിറ്റില്‍ മുംബൈ മുന്നിലെത്തി.
കോര്‍ണറില്‍ നിന്നായിരുന്നു തുടക്കം. ഇടതു പാര്‍ശ്വത്തില്‍നിന്നു ജാഹു എടുത്ത കിക്ക് ബ്ലാസ്റ്റേഴ്സ് പ്രതിരോധക്കാര്‍ തടഞ്ഞു. പന്തെത്തിയത് മെഹ്താബ് സിങ്ങിന് മുന്നില്‍. ഒറ്റയടി ലക്ഷ്യം കണ്ടു. തൊട്ടുപിന്നാലെ ഒപ്പമെത്താനുള്ള അവസരം ബ്ലാസ്റ്റേഴ്സിനുണ്ടായി. ലൂണ നീട്ടിനല്‍കിയ പന്ത് ഡയമന്റാകോസിന് എത്തിപിടിക്കാനായില്ല. മുംബൈ ഗോള്‍ കീപ്പര്‍ ലാചെന്‍പ പിടിച്ചെടുത്തു. 31-ാം മിനിറ്റില്‍ മുംബൈയുടെ അക്കൗണ്ടില്‍ രണ്ടാം ഗോളെത്തി. ബിപിന്‍ സിങ്ങ്, സ്റ്റിയുവര്‍ട്ട് എന്നിവരുടെ മുന്നേറ്റം ഗോളിനു വഴിയായി. ബ്ലാസ്റ്റേഴ്സ് ബോക്സില്‍നിന്ന ജോര്‍ജ് ഡയസിന് പന്ത് കിട്ടി. ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരത്തിനു ലക്ഷ്യം പിഴച്ചില്ല. 33-ാം മിനിറ്റില്‍ രാഹുലും സഹലും ചേര്‍ന്നു നടത്തിയ നീക്കം ഗോളിനരികെ എത്തി. പ്യുട്ടിയയെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീ കിക്ക് ലൂണ തൊടുത്തു. ഗോളെന്നുറപ്പിച്ച് കിക്ക് ലാചെന്‍പ തട്ടിയകറ്റി.
രണ്ടാം പകുതിയില്‍ മുംബൈ ആക്രമണത്തെ പ്രതിരോധം ഏറെ വിയര്‍ത്ത് ചെറുത്തു. 47-ാം മിനിറ്റില്‍ സ്റ്റിയുവര്‍ട്ടിന്റെ ഷോട്ട് പ്രഭു സുഖന്‍ രക്ഷപ്പെടുത്തി. പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ നിരന്തരമായ മുന്നേറ്റമായിരുന്നു. 52-ാം മിനിറ്റില്‍ ലൂണയുടെ ക്രോസിനെ ഡയമന്റാകോസ് ഹെഡ് ചെയ്തെങ്കിലും പോസ്റ്റിന് അരികിലൂടെ പുറത്തേക്ക്. പിന്നാലെ സഹലിന്റെ ഷോട്ടിനും ഉന്നംതെറ്റി. 57-ാം മിനിറ്റിലും ബ്ലാസ്റ്റേഴ്സ് ഗോളിന് അരികെയെത്തി. ഡയമന്റാകോസിന്റെ ഷോട്ട് വീണ്ടും ഗോള്‍ കീപ്പര്‍ നിഷ്പ്രഭമാക്കി. വൈകാതെ കിട്ടിയ കോര്‍ണറില്‍ ജീക്സണ്‍ സിങ് തലവച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. എഴുപതാം മിനിറ്റില്‍ വുകുമാനോവിച്ച് രണ്ട് മാറ്റങ്ങള്‍ വരുത്തി. സഹലിന് പകരം ഹോര്‍മിപാമും മൊംഗിലിന് പകരം കലിയുഷ്നിയും എത്തി. 72-ാം മിനിറ്റില്‍ നിര്‍ഭാഗ്യം ബ്ലാസ്റ്റേഴ്സിനെ വേട്ടയാടി. കര്‍ണെയ്റോ നല്‍കിയ പന്തിനെ ലൂണ ഇടംകാലനടിയിലൂടെ പായിച്ചെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ രാഹുലിന്റെ മുന്നേറ്റവും പിഴച്ചു. 81-ാം മിനിറ്റില്‍ പ്യുട്ടിയക്ക് പകരം ബിദ്യാസാഗര്‍ സിങ് മുന്നേറ്റത്തിലെത്തി. ഇഞ്ചുറി ടൈമിലെ ലൂണയുടെ ക്ലോസ് റേഞ്ചര്‍ ബാറിനെ തൊട്ടുരുമി പുറത്തേക്കു പോയത് അവിശ്വസനീയമായി. രാഹുലിന് പകരം ബ്രൈസ് മിറാന്‍ഡയും ലൂണയ്ക്ക് പകരം സൗരവ് മണ്ഡലും എത്തിയെങ്കിലും ഗോള്‍ അകന്നുനിന്നു. സര്‍വ സന്നാഹത്തെയും പോര്‍മുഖത്തേയ്ക്കയച്ച് സ്വന്തം കോട്ട പ്രതിരോധിക്കാന്‍ കഴിയാതെ പോയ ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വിയും തനിയാവര്‍ത്തനമായി.
