ന്യൂഡല്‍ഹി: ദീപാവലിത്തലേന്ന് കോയമ്പത്തൂരിനെ നടുക്കിയ കാര്‍ സ്ഫോടനക്കേസ് എന്‍.ഐ.എ. ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടര്‍ ടെററിസം ആന്‍ഡ് കൗണ്ടര്‍ റാഡിക്കെലെസേഷന്‍(സി.ടി.സി.ആര്‍) വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടതിനു പിന്നാലെ എന്‍.ഐ.എ. കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഫോടനത്തിന്റെ അന്വേഷണം സംസ്ഥാന പോലീസില്‍ നിന്ന് ഏറ്റെടുത്തതായി എന്‍.ഐ.എ. വൃത്തങ്ങള്‍ വ്യക്തമാക്കി.
കേസന്വേഷണം എന്‍.ഐ.എയ്ക്കു കൈമാറാന്‍ കേന്ദ്രസര്‍ക്കാരിനോട് ശിപാര്‍ശചെയ്യുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ഫോടനവുമായി സംസ്ഥാനത്തിന് പുറത്തും രാജ്യാന്തരതലത്തിലും ബന്ധങ്ങളുള്ളതായി സംശയിക്കുന്നതിനാല്‍ അന്വേഷണം എന്‍.ഐ.എ. ഏറ്റെടുക്കുന്നതാണ് നല്ലതെന്ന് സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗവും വിലയിരുത്തിയിരുന്നു.
23/10/2022 കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 4.30-നാണ് കോയമ്പത്തൂരിലെ ഉക്കടത്ത് കൊട്ടെ ഈശ്വരന്‍ ക്ഷേത്രത്തിനു സമീപം കാറില്‍ എല്‍.പി.ജി. സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ കൊല്ലപ്പെട്ടത്. ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന സ്ഫോടനവുമായി ബന്ധപ്പെട്ട് 2019-ല്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത അസറുദ്ദീന്റെ അനുയായി ജമേഷ മുബിനാണ് (25) മരിച്ചതെന്നു പിന്നീട് തിരിച്ചറിഞ്ഞു. വിയ്യൂര്‍ ജയിലില്‍ അസറുദ്ദീനെ കാണാന്‍ ജമേഷ എത്തിയിരുന്നതായും സൂചനയുണ്ട്. എന്‍ജിനീയറിങ് ബിരുദധാരിയായ ജമേഷ മുബിനെ തീവ്രവാദ ബന്ധത്തിന്റെ പേരില്‍ 2019-ല്‍ എന്‍.ഐ.എ. മുമ്പ് ചോദ്യംചെയ്തിരുന്നു.
27/10/2022 അറസ്റ്റിലായ ജമേഷിന്റെ ഉറ്റബന്ധു ഉള്‍പ്പെടെ കേസില്‍ ഇതുവരെ ആറുപേരെ കോയമ്പത്തൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ജമേഷ് മുബിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് തല്‍ക്ക (25), മുഹമ്മദ് അസറുദ്ദീന്‍ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായില്‍ (27), മുഹമ്മദ് നവാസ് ഇസ്മായില്‍ (27), ജമേഷിന്റെ ബന്ധു അഫ്സര്‍ ഖാന്‍ എന്നിവരെയാണ് സംസ്ഥാന പോലീസ് യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ എട്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സ്ഫോടന പരമ്പരയ്ക്കാണു പ്രതി ലക്ഷ്യമിട്ടതെന്നാണ് പ്രാഥമികാന്വേഷണം വ്യക്തമാക്കുന്നതെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തിന്റെ ആസൂത്രണത്തില്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണു കരുതുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളിലും അന്വേഷണത്തിനു സാധ്യതയുണ്ട്. ചാവേറായ ജമേഷ് മുബിന്‍ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയാണ് സ്ഫോടകവസ്തു സംഘടിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളില്‍ നിന്നു തേടിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

