വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍കൂടി അറസ്റ്റില്‍

കോഴിക്കോട്: താമരശേരിയില്‍നിന്ന് വ്യാപാരി മുഹമ്മദ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ കൂടി അറസ്റ്റിലായി. മുക്കം കൊടിയത്തൂര്‍ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാന്‍ എന്നിവരെയാണു താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ സഹോദരനും കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്‌റഫിന്റെ ഭാര്യാസഹോദരനും തമ്മിലുള്ള പണമിടപാട് തര്‍ക്കത്തെ തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോകല്‍ എന്നാണ് നിഗമനം. തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

മൂന്നുദിവസങ്ങള്‍ക്കു ശേഷമാണ് മുഹമ്മദ് അഷ്‌റഫിനെ ചൊവ്വാഴ്ച ക്വട്ടേഷന്‍ സംഘം വിട്ടയച്ചത്. രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്‌റഫ് പറയുന്നത്. കൊല്ലത്തുനിന്ന് ബസിലാണു കോഴിക്കോട്ടെത്തിയത്. സംഭവത്തില്‍ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഇദ്ദേഹം വീട്ടിലെത്തിയത്. തട്ടിക്കൊണ്ടുപോകലിനിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായതിനാല്‍ ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും അഷ്‌റഫ് പറയുന്നു. അഷ്‌റഫിന്റെ ശരീരത്തില്‍ മുറിപ്പാടുകളുണ്ട്.

Share
അഭിപ്രായം എഴുതാം