പാലക്കാട്: അന്തർസംസ്ഥാന ബസ് വഴി കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കളെ വാളയാറിൽ വെച്ച് എക്സൈസ് സംഘം പിടികൂടി. എറണാകുളം സ്വദേശികളായ കെനസ് ജോൺ (മൂവാറ്റുപുഴ), ജിതിൻ കെ.എസ് (കുമ്പളം) എന്നിവരാണ് 16 കിലോ കഞ്ചാവുമായി പിടിയിലായത്.ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കെഎസ്ആർടിസി ബസ് വഴിയാണ് ഇവർ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ചത്.
എറണാകുളത്തെ ലഹരി വിൽപന സംഘത്തിലെ പ്രധാനികൾ
പിടിയിലായവർ എറണാകുളത്തെ ലഹരി വിൽപന സംഘത്തിലെ പ്രധാനികളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലഹരി എത്തിച്ചു നൽകുന്നവരാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വാളയാർ ചെക്ക് പോസ്റ്റ് വഴി ലഹരി കടത്തുന്നത് തടയാൻ എക്സൈസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തേക്ക് പുറത്തുനിന്ന് ട്രെയിൻ വഴിയും ബസ് വഴിയും ലഹരിമരുന്നുകൾ വൻതോതിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പാലക്കാട് അതിർത്തിയിൽ കർശനമായ നിരീക്ഷണം തുടരുകയാണ്.


