തിരുവനന്തപുരം: സര്‍വ്വകലാശാലകളുടെ കരിക്കുലം പരിഷ്കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്.ബിന്ദു പറഞ്ഞു. ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച രണ്ടു ദിവസത്തെ കൊളോക്വിയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വിദ്യാര്‍ഥികളുടെ അവകാശപത്രിക ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. വിദ്യാര്‍ഥികള്‍, അധ്യാപക -അനധ്യാപകര്‍ എന്നിവര്‍ക്ക് സ്വതന്ത്രമായി, നിര്‍ഭയമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ഗാത്മകമായ രീതിയില്‍ കലാലയങ്ങള്‍ മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ ആരംഭിക്കുന്നത് സജീവ പരിഗണയിലാണ്. വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്കില്‍ കോഴ്സുകള്‍, ഫൗണ്ടേഷന് കോഴ്സുകള്‍, തൊഴില്‍ പരിശീലനത്തിനുള്ള ഇന്റേണ്‍ഷിപ് എന്നിവ നാലുവര്‍ഷ ബിരുദ കോഴ്സുകളില്‍ ഉണ്ടാകും.
പ്ലേസ്മെന്റ് സെല്ലുകള്‍ സ്ഥാപനതലത്തില്‍ ശക്തിപ്പെടുത്തും. കലാലയങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതിപരിഹാര സെല്‍ രൂപീകരിക്കും. ജെആര്‍എഫ്, എസ് ആര്‍എഫ് ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നല്‍കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകള്‍ അനുവദിക്കും.
ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്സുകള്‍ ആരംഭിക്കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് രചനയില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നല്‍കുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നാക്കം നില്ക്കുന്ന മേഖലകളിലെ 50 കോളേജുകളില്‍ പുതുതലമുറ കോഴ്സുകള്‍ ആരംഭിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം പൂര്‍ണമായും ഒഴിവാക്കാനാകില്ല. ശക്തമായ സാമൂഹ്യ നിയന്ത്രണങ്ങളോടെ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആരംഭിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിച്ചു വരികയാണ്. സര്‍വ്വകലാശാലകളുടെ ഭരണസംവിധാനത്തില്‍ ജനാധിപത്യ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസ പരിഷ്ക്കരണ റിപ്പോര്‍ട്ടുകളില്‍ നിര്‍ദേശിച്ച എല്ലാ കാര്യങ്ങളും അതേപടി നടപ്പാക്കില്ലെന്നും പ്രയോഗികതയുടെയും സര്‍ക്കാരിന്റെ നയസമീപനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങള്‍ കൈകൊള്ളുകയെന്നും മന്ത്രി ആര്.ബിന്ദു വ്യക്തമാക്കി.

