കൊച്ചി: ഇലന്തൂര്‍ നരബലികേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 24/10/2022 അവസാനിക്കും. കടവന്ത്ര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു കസ്റ്റഡി ലഭിച്ചിട്ടുട്ടുള്ളത്. 12 ദിവസത്തെ കസ്റ്റഡി കാലാവധിയാണ് അവസാനിയ്ക്കുന്നത്. കടവന്ത്ര സ്വദേശിനി പത്മത്തെ വധിച്ച കേസാണ് കടവന്ത്ര പോലീസ് അന്വേഷിക്കുന്നത്. റോസിലി വധക്കേസ് കാലടി പോലീസാണു അന്വേഷിക്കുന്നത്. പ്രതികളെ ഈയാഴ്ച കാലടി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.അതേസമയം, ഒന്നാംപ്രതി ഷാഫിയുടെ ഇടപാടുകാരായ സ്ത്രീകളിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ആഭിചാരക്രിയകളുടെയും ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നേരത്തെ പിടിയിലായവരെയും അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. മുരുകദാസ് എന്ന പേരിലാണു ഷാഫി സിദ്ധനായി ദമ്പതികളെ കബളിപ്പിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പുത്തന്‍കുരിശില്‍ എഴുപത്തഞ്ചുകാരിയെ മൃഗീയമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഫി 2020 ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഒരു വര്‍ഷം ജയിലില്‍ കിടന്ന ഷാഫി കോവിഡ് കാലത്താണു പരോളില്‍ പുറത്തിറങ്ങുന്നത്. ഇതിനു പിന്നാലെയാണ് ഭഗവല്‍ സിങ്ങിനെ ശ്രീദേവി എന്ന വ്യാജ പ്രൊഫൈല്‍ വഴി വശത്താക്കുന്നത്. ആഭിചാര ക്രിയകളില്‍ അഗ്രഗണ്യനായ സിദ്ധനായി മുരുകദാസിനെ ശ്രീദേവി പരിചയപ്പെടുത്തി ഇയാളുടെ അടുത്ത ശിഷ്യനായിട്ടായിരുന്നു ഷാഫിയുടെ രംഗപ്രവേശം.
കൊടും ക്രിമിനലായ ഷാഫിയെ ആഭിചാര ക്രിയ, നരബലി എന്ന ആശയങ്ങളിലേക്കു നയിച്ചതിതിനു പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്നാണു പരിശോധിക്കുന്നത്. ഇതിനു ജയില്‍ വാസകാലം പ്രധാന ഘടകമായെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. സമാന കേസുകളില്‍ നേരത്തെ പിടിയിലായവരും അവരുടെ കൂട്ടാളികളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു ഷാഫി വ്യക്തമായ മറുപടി നല്‍കാത്തതിലും പോലീസ് ദുരൂഹത കാണുന്നുണ്ട്.



