തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി സർക്കാർ. സാമൂഹികാഘാത പഠനവും അതിരടയാള കല്ലിടലും പുനരാരംഭിക്കാനിരിക്കെയാണ് സർക്കാർ നടപടി.
ഏഴു പോസ്റ്റുകൾ വീതമുള്ള എറണാകുളത്തെ ഡെപ്യൂട്ടി കലക്ടർ ഓഫീസിലെയും 18 പോസ്റ്റുകൾ വീതമുള്ള 11 ജില്ലകളിലെ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസിലെയും ജീവനക്കാരുടെ കാലാവധിയാണ് ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചത്.
കേന്ദ്ര അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ വായ്പയടക്കമുള്ള കാര്യങ്ങളിൽ അനിശ്ചിതത്വമുണ്ടെങ്കിലും മറ്റു നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിൻറെ സൂചനകളാണ് സർക്കാർ ഉത്തരവിലൂടെ വ്യക്തമാകുന്നത്.
