സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ മരുമകളെ വെടിവച്ചുകൊന്ന ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍. 74 വയസുകാരനായ സീതല്‍ സിങ് ദോസാഞ്ച് ആണ് പിടിയിലായത്. ഇയാളുടെ മകന്റെ ഭാര്യ ഗുര്‍പ്രീത് കൗര്‍ ദോസാഞ്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ കൊല്ലപ്പെട്ടത്.മകനുമായുള്ള വിവാഹബന്ധം വേര്‍പിരിയാനുള്ള ഗുര്‍പ്രീതിന്റെ തീരുമാനമാണ് സീതല്‍ സിങ്ങിനെ കൊലയ്ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. വാള്‍മാര്‍ട്ട് ജീവനക്കാരിയായ ഗുര്‍പ്രീതിനെ സൗത്ത് സാന്‍ ജോസിലുള്ള സ്ഥാപനത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍വച്ച് സീതല്‍ സിങ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. തന്റെ അമ്മാവനുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് ഗുര്‍പ്രീതിനുനേരേ ആക്രമണമുണ്ടായത്. ഗുര്‍പ്രീതിന്റെ അമ്മാവന്റെ മൊഴിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സീതല്‍ സിങ് അറസ്റ്റിലായത്.
തന്നെ അന്വേഷിച്ച് 150 കിലോമീറ്റര്‍ വാഹനമോടിച്ച് സീതല്‍ സിങ് സാന്‍ ജോസിലെത്തിയതായി ഗുര്‍പ്രീത് അമ്മാവനോടു ഫോണില്‍ പറഞ്ഞിരുന്നു. ജോലിയ്ക്കിടെ വിശ്രമത്തിനായി പുറത്തിറങ്ങിയ തനിക്കരികിലേക്ക് സീതല്‍ സിങ് വരുന്നതായും സംഭാഷണത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍, അതിനുശേഷം ഫോണ്‍ ബന്ധം വേര്‍പെട്ടു. തുടര്‍ന്ന് അഞ്ചു മണിക്കൂറിനുശേഷം സഹപ്രവര്‍ത്തകനാണ് ഗുര്‍പ്രീതിന്റെ മൃതദേഹം കണ്ടെത്തിയത്. പിറ്റേന്ന് രാവിലെ ഫ്രെസ്‌നോയിലെ വീട്ടില്‍വച്ച് സീതാലിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീട്ടില്‍നിന്ന് വെടിവയ്ക്കാനുപയോഗിച്ച പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.



