റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കേരളം

October 2, 2022 - 7:32 am

ന്യൂഡൽഹി: നയതന്ത്ര സ്വർണ്ണക്കടത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ വിചാരണ ബംഗളുരുവിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ ബംഗളുരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജി ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ ബെഞ്ച് പരിഗണിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്.

കേസന്വേഷണം സംസ്ഥാന സർക്കാരും പൊലീസും ജയിൽ അധികൃതരും ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചാണ് ഇ. ഡി ട്രാൻസ്‌ഫർ പെറ്റീഷൻ സമർപ്പിച്ചത്. എന്നാൽ വിചാരണ മാറ്റുന്നത് സംസ്ഥാന ഭരണത്തിൽ വിപരീത ഫലമുണ്ടാക്കുമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.വി.വേണുവിന്റെ ഹർജിയിൽ അറിയിച്ചു.ഇ.ഡിയുടെ ആശങ്ക സാങ്കല്പികമാണ്. വിചാരണ മാറ്റാൻ തക്ക കാരണങ്ങൾ ഇ. ഡി ബോധിപ്പിച്ചിട്ടില്ല. സംസ്ഥാന പൊലീസിനെതിരായ ഇ.ഡിയുടെ ആരോപണങ്ങൾ അംഗീകരിച്ചാലും വിചാരണ മാറ്റാൻ കാരണമാകുന്നില്ല. ഇ.ഡി അന്വേഷണത്തെ സംസ്ഥാന സർക്കാരോ പൊലീസോ തടസ്സപ്പെടുത്തിയിട്ടില്ല. സമൻസ് ലഭിച്ച ഉന്നതരടക്കം ഇ.ഡി മുമ്പാകെ ഹാജരായിട്ടുണ്ട്.

കേസിൽ കക്ഷികളല്ലാത്ത ഉന്നത രാഷ്ട്രീയ പദവികൾ വഹിക്കുന്നവർക്കെതിരെ ഇ.ഡി ആരോപണം ഉന്നയിക്കുകയാണ്. ഇത് സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ ബാധിച്ചിട്ടുണ്ട്. സ്വപ്നയുടെ ആരോപണങ്ങൾക്ക് തെളിവുകളില്ല. ഇതിന് പിന്നിൽ ചിലരുടെ സ്വാധീനമാണ്. അന്വേഷണ ഏജൻസി ആവശ്യപ്പെടാതെയാണ് സ്വപ്ന രഹസ്യമൊഴി നൽകിയത്. ഇതിനെ ഏജൻസി എതിർത്തില്ല. അന്വേഷണ വിഷയവുമായി ബന്ധമില്ലാത്ത കാര്യങ്ങളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം സംബന്ധിച്ച് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.

ഇ.ഡിയുടെ ട്രാൻസ്‌ഫർ പെറ്റീഷനിൽ സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കിയില്ലെങ്കിലും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനാൽ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് സ്റ്റാൻഡിംഗ് കോൺസൽ സി.കെ ശശി ഹർജിയിൽ ആവശ്യപ്പെട്ടു.ഭരണഘടനാ വിദഗ്ദ്ധരുടെ നിയമോപദേശം പ്രകാരമാണ് കേരളം കക്ഷി ചേരൽ അപേക്ഷ നൽകിയത്. സ്വപ്നയുടെ മൊഴി മുദ്രവച്ച കവറിൽ സുപ്രീം കോടതിക്ക് കൈമാറാമെന്ന് ഇ.ഡി ട്രാൻസ്‌ഫർ ഹർജിയിൽ വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *