റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുവാഹത്തി: കാസിരംഗ ദേശീയോദ്യാനത്തില്‍ നിയമം ലംഘിച്ച് രാത്രിയാത്ര നടത്തിയെന്നാരോപിച്ച് അസം മുഖ്യമന്ത്രി, ടൂറിസം മന്ത്രി, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവര്‍ക്കെതിരേ പരാതി. സഞ്ചാരികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയക്രമത്തിനുശേഷം 24/09/2022 കഴിഞ്ഞ ശനിയാഴ്ച വി.വി.ഐ.പി. സംഘം ദേശീയോദ്യാനത്തില്‍ പ്രവേശിച്ചെന്നാരോപിച്ച് രണ്ട് ആക്ടിവിസ്റ്റുകളാണു പോലീസില്‍ പരാതി നല്‍കിയത്.

മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ, ടൂറിസം മന്ത്രി ജയന്ത മല്ല ബറുവ എന്നിവര്‍ക്കൊപ്പം കാസിരംഗ ദേശീയോദ്യാനത്തിലൂടെ വാഹനത്തില്‍ സഞ്ചരിക്കുന്ന സദ്ഗുരുവിന്റെ വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിലും പ്രാദേശിക ചാനലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സദ്ഗുരു ഓടിക്കുന്ന എസ്.യു.വിയില്‍ മുഖ്യമന്ത്രിയും മന്ത്രിയും ഉള്‍പ്പെടെയുള്ള സംഘവും ഒപ്പമുള്ളതായി കാണാം. ഇതിനുപിന്നാലെയാണ് സംഘം വന്യജീവി സംരക്ഷണ നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റുകള്‍ പരാതിയുമായി രംഗത്തെത്തിയത്. അതേസമയം, നിയമലംഘനം നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. രാത്രിയില്‍ ദേശീയോദ്യാനത്തില്‍ പൊതുജനങ്ങള്‍ക്കു പ്രവേശനം നിഷേധിക്കുന്ന ഒരു നിയമവുമില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിതമേഖലയില്‍ രാത്രിയിലാണെങ്കില്‍പ്പോലും പ്രവേശനത്തിന് വാര്‍ഡന് അനുമതി നല്‍കാം. ഇത്തവണത്തെ ടൂറിസം സീസണിന് ഔദ്യോഗിക തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ക്ഷണപ്രകാരമാണ് സദ്ഗുരുവും ശ്രീ ശ്രീ രവിശങ്കറും ഉള്‍പ്പെടെയുള്ളവര്‍ കാസിരംഗ സന്ദര്‍ശിച്ചത്. അതില്‍ ഒരു നിയമലംഘനവും നടന്നിട്ടില്ല. ലക്ഷക്കണക്കിന് അനുയായികളുള്ള ഇരുവരുടെയും സാന്നിധ്യം ഈ ടൂറിസം സീസണിനു ഗുണംചെയ്യുമെന്നാണു പ്രതീക്ഷ- മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ വാസഭൂമിയായ കാസിരംഗ ദേശീയോദ്യാനത്തില്‍ വൈകിട്ടു നാലിനുശേഷം സഫാരിക്കു വിലക്കുണ്ട്. െവെകിട്ട് ആറിനുശേഷം മുഖ്യമന്ത്രിയും സദ്ഗുരുവും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സഞ്ചാരം നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ആക്ടിവിസ്റ്റുകളായ സൊനേശ്വര്‍ നാര, പ്രഭിന്‍ പെഗു എന്നിവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *