നേപ്യിഡോ: തൊഴിൽ തട്ടിപ്പിനിരയായി മ്യാൻമറിൽ തടവിലാക്കപ്പെട്ട ഇന്ത്യക്കാരെ മാഫിയാ സംഘം മറ്റൊരു രാജ്യത്തിലേക്ക് മാറ്റുന്നു. മുന്നൂറോളം ഇന്ത്യക്കാരടക്കം നിരവധി പേരാണ് മ്യാൻമറിൽ മാഫിയാ സംഘത്തിന്റെ തടവിലുള്ളത്. ഇതിൽ 30 മലയാളികളുമുണ്ട്. മലയാളികളെ അടക്കം ട്രക്കുകളിൽ കയറ്റി കൊണ്ടുപോവുന്നത് ലാവോസിലേക്കെന്നാണ് വിവരം. അതേസമയം കുടുങ്ങിയ ഇന്ത്യക്കാരുമായി 2022 സെപ്തംബർ 23ന് ഇന്ത്യൻ എബസി ഫോണിൽ ബന്ധപ്പെട്ടു.
മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഇന്ത്യൻ എംബസിയുടെ ഭാഗത്ത് നിന്നും വേഗത്തിലുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. തടങ്കലിലുള്ള മലയാളികളുമായി 23/09/2022 രാത്രി എംബസി ബന്ധപ്പെട്ടു. പേര് വിവരങ്ങളും പാസ്പോർട്ടിൻറെ പകർപ്പുകളും ശേഖരിച്ചു. ഇതിന് പിന്നാലെയാണ് തടവിലുള്ളവരെ അയൽ രാജ്യത്തേക്ക് മാഫിയാ സംഘം മാറ്റിത്തുടങ്ങിയത് . മലയാളികളടക്കമുള്ളവരെയാണ് ട്രക്കുകളിൽ കയറ്റി ഇന്നലെ രാത്രിയോടെ കൊണ്ട് പോയത്. ലാവോസിലേക്കെന്നാണ് ഇവരോട് തോക്ക് ധാരികൾ പറഞ്ഞത്.
അതേസമയം 4 കെനിയക്കാരെ 23/09/2022 കെനിയൻ എംബസിയിൽ നിന്നുള്ള സംഘമെത്തി മോചിപ്പിച്ചു. കഴിഞ്ഞ ഒന്നരമാസമായി മ്യാൻമറിലെ മെയ്വാഡി എന്ന സ്ഥലത്ത് തടങ്കലിലാണ് ഇന്ത്യക്കാരടക്കമുള്ളവർ. ഡാറ്റാ എൻട്രി ജോലിക്കെന്ന് പറഞ്ഞ് തായ്‍ലൻഡിൽ എത്തിച്ച ശേഷം തട്ടിപ്പ് സംഘം ഇവരെ ബലം പ്രയോഗിച്ച് മ്യാൻമറിലേക്ക് കടത്തുകയായിരുന്നു. സൈബർ കുറ്റകൃത്യങ്ങൾ നടത്താനാണ് ഇരകളെ മാഫിയാ സംഘം ചുമതലപ്പെടുത്തിയിരിക്കുന്നത്. എതിർക്കുന്നവർ ക്രൂരമർദ്ദനത്തിനിരയായ ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തട്ടിപ്പ് സംഘത്തിൻറെ ഭാഗമെന്ന് സംശയിക്കുന്ന ആലപ്പുഴ സ്വദേശികൾക്കെതിരെ കേരളത്തിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്