റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്ടിൽ തെരുവു നായ ശല്യം രൂക്ഷം : പേവിഷ കുത്തിവയ്പ് പൂർത്തിയാക്കാൻ നിർദ്ദേശം

September 16, 2022 - 6:16 am

വയനാട്: വയനാട് ജില്ലയിൽ തെരുവു നായ ശല്യം പരിഹരിക്കുന്നതിന് പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികൾ ഊർജിതമാക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഇത് സംബന്ധിച്ച് ചേർന്ന ജില്ലാതല മേൽനോട്ട സമിതി യോഗത്തിലും തീരുമാനം. നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് സമയമെടുക്കുന്നതിനാൽ ആദ്യഘട്ടത്തിൽ പേവിഷ കുത്തിവയ്പ് പൂർത്തിയാക്കുന്നതിന് മുൻഗണന നൽകും. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സേന രൂപീകരിക്കും. താത്പര്യമുള്ളവർക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റർ ചെയ്യാം.

പരിശീലനം ലഭിച്ച ഏഴു പട്ടി പിടുത്തക്കാരാണ് നിലവിൽ ജില്ലയിലുള്ളത്. ഇതു കൂടാതെ കുടുംബശ്രീ പ്രവർത്തകർ, ജനമൈത്രി പൊലീസ്, സന്നദ്ധ സംഘടനകൾ, വളണ്ടിയർമാർ തുടങ്ങിയവർക്കു കൂടി പരിശീലനം നൽകി വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തും. പരിശീലനം നൽകുന്നതിനായി ഈ മാസം 21 ന് പ്രത്യേക ക്യാമ്പ് നടത്തും. ഇവിടെ വെച്ച് സന്നദ്ധ പ്രവർത്തകർക്ക് ആന്റി റാബിസ് വാക്സിനും നൽകും. ജില്ലയിൽ തെരുവ്‌നായ ശല്യം ഭീഷണിയാകുന്ന സാഹചര്യത്തിൽ മുഴുവൻ വളർത്തുനായകൾക്കും ലൈസൻസ് നിർബന്ധമാക്കും. ഈ മാസം 30 നകം എല്ലാ വളർത്തു നായ്ക്കളുടെയും വാക്നിഷേൻ പൂർത്തിയാക്കണമെന്നും ലൈസൻസ് ഉറപ്പാക്കണമെന്നും ഇല്ലെങ്കിൽ ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എ. ഗീത അറിയിച്ചു.

വാക്സിനേഷൻ-വന്ധ്യംകരണ നടപടികൾക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും അടിയന്തര കർമ്മപദ്ധതി തയ്യാറാക്കണം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് രണ്ടു ബ്ലോക്കുകൾക്ക് ഒന്ന് എന്ന ക്രമത്തിൽ എ.ബി.സി സെന്ററുകളും ഷെൽട്ടർ ഹോമുകളും സജ്ജീകരിക്കും. സുൽത്താൻ ബത്തേരിക്കു പുറമെ പടിഞ്ഞാറത്തറയിലാണ് എ.ബി.സി സെന്റർ പ്രവർത്തന സജ്ജമാക്കുക.

മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ജാഗ്രത പാലിക്കണം. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഹോട്ടലുകൾ, തട്ടുകടകൾ, കശാപ്പുശാലകൾ തുടങ്ങിയവ അതീവ ശ്രദ്ധ പുലർത്തണം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങൾ അലക്ഷ്യമായി തള്ളാതിരിക്കാൻ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ ശ്രദ്ധചെലുത്തണം. തെരുവു നായ്ക്കളെ സമീപിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ സ്‌കൂളുകളിൽ പ്രത്യേക ബോധവത്ക്കരണം നടത്തും. പൂക്കോട് വെറ്ററിനറി സർവകശാല വിദ്യാർഥികളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ നടത്തിപ്പ് ജില്ലയിൽ ഏകോപിപ്പിക്കുന്നതിനും പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി രൂപീകരിച്ച ജില്ലാതല മേൽനോട്ട സമിതിയുടെ ആദ്യ യോഗമാണ് നടന്നത്. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മേൽനോട്ട സമിതി ചെയർപെഴ്‌സണായ ജില്ലാ കളക്ടർ എ. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ്, എ.ഡി.എം ഷാജു എൻ.ഐ, സമിതി അംഗങ്ങളായ തദ്ദേശസ്വയംഭരണ വകുപ്പ ജോയിന്റ് ഡയറക്ടർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *