തിരുവനന്തപുരം: നെഹ്റുവിന്റെ പേരിലുള്ള ഒരു മൽസരത്തിന്റെ ഉദ്ഘാടനത്തിനായി അമിത് ഷായെ ക്ഷണിച്ചതിൽ പിന്നിൽ ഗൂഢ താൽപ്പര്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലാവലിനാണോ സ്വർണക്കടത്താണോ ഇതിന് പിന്നിലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിച്ചതിൽ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു.
അതേസമയം നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിൽ വിശദീകരണവുമായി സംസ്ഥാന സർക്കാർ രംഗത്തുവന്നു. അമിത് ഷാ എത്തുന്നത് സതേൺ സോണൽ കൗൺസിൽ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗൺസിൽ യോഗത്തിൻറെ അധ്യക്ഷസ്ഥാനം. യോഗത്തിനെത്തുന്ന എല്ലാവരെയും വള്ളം കളിക്ക് ക്ഷണിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരും യോഗത്തിൽ പങ്കെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി.
ഓളപ്പരപ്പിലെ ഒളംപിക്സിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. വള്ളങ്ങളെല്ലാം തീവ്രപരിശീലനത്തിലാണ്. ഇതിനിടെയാണ് മുഖ്യാതിഥിയെ ചൊല്ലി വിവാദം ഉയർന്നത്. 202 ഓഗസ്റ്റ് 23നാണ് അമിത് ഷായെ ഉദ്ഘാടകനായി ക്ഷണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കുന്നത്. അടുത്തമാസം മൂന്നിനാണ് കോവളത്ത് ഇൻറർ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയേറ്റിൻറെ ദക്ഷിണാമേഖലാ കൗൺസിൽ യോഗം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരടക്കം പങ്കെടുക്കുന്ന ചടങ്ങിനായി അമിത് ഷായും കേരളത്തിലെത്തും. യോഗത്തിന് ശേഷം വള്ളംകളിയിൽ കൂടി പങ്കെടുക്കണം എന്നായിരുന്നു മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടത്.
ഇതിനിടെ നെഹ്റുട്രോഫി നിര്വവാഹക സമിതി അംഗവും കെപിസിസി ജനറൽ സെക്രട്ടറിയുമായ എ എ ഷുക്കൂറും പ്രതികരണവുമായി രംഗത്തെത്തി. രണ്ടാഴ്ച മുമ്പ് ചേർന്ന നിർവാഹകസമിതി യോഗം മുഖ്യമന്ത്രിയെയാണ് മുഖ്യാതിഥിയായി നിശ്ചയിച്ചതെന്നാണ് ഷുക്കൂറിൻറെ വെളിപ്പെടുത്തൽ. ലാവലിൻ കേസും അമിത്ഷായ്ക്കുള്ള ക്ഷണവും താരതമ്യം ചെയ്ത് വി ടി ബൽറാം ഫേസ് ബുക്കിൽ പോസ്റ്റിട്ടു. സ്വാഭാവികം എന്ന അടിക്കുറിപ്പോടെ യായിരുന്നു പോസ്റ്റ്



