പെഗാസസ്: അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്ന് സമിതി

ന്യൂഡല്‍ഹി: പെഗാസസ് കേസുമായി ബന്ധപ്പെട്ട് പരിശോധിച്ച അഞ്ച് ഫോണുകളില്‍ മാല്‍വേര്‍ കണ്ടെത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ അത് പെഗസസ് ചാര സോഫ്റ്റ്വേര്‍ ആണെന്നതിനു തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്വേഷണവുമായി കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി സഹകരിച്ചില്ലെന്നു റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തലുണ്ട്. ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഫോണുകള്‍ പരിശോധിക്കാന്‍ നല്‍കിയ വ്യക്തികളുടെ സ്വകാര്യത ചൂണ്ടിക്കാട്ടിയാണു റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനാകില്ലെന്നു സുപ്രീം കോടതി നിലപാടെടുത്തത്.

പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തിലാണ് മാല്‍വേര്‍ കണ്ടെത്തിയത്. ഇതു പെഗാസസ് ആണോയെന്ന് ഉറപ്പുവരുത്താനാകില്ല. കഴിഞ്ഞ മാസമാണു സുപ്രീം കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാഷ്ട്രീക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കം മൂന്നൂറോളം പേരുടെ സ്വകാര്യ വിവരങ്ങള്‍ പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ചു ചോര്‍ത്തിയെന്ന പരാതിയെ തുടര്‍ന്നാണ് സുപ്രീംകോടതി പ്രത്യേക സമിതിയെ നിയോഗിച്ചത്. ഫോണുകളില്‍ സ്‌പൈവേര്‍ പരിശോധന, സാങ്കേതിക സമിതിയുടെ കണ്ടെത്തല്‍, ജസ്റ്റിസ് രവീന്ദ്രന്റെ നിരീക്ഷണങ്ങള്‍ എന്നിവയാണ് റിപ്പോര്‍ട്ടിലുള്ളത്. നിരീക്ഷണത്തിനായി മാല്‍വേര്‍ ഉപയോഗിക്കുന്നത് സ്വകാര്യതയിന്മേലുള്ള കൈയേറ്റമാണെന്നും ഇതു തടയണമെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ സൈബര്‍ സുരക്ഷാ നിയമങ്ങളില്‍ കാലോചിതമാറ്റം വേണം. സ്വകാര്യ സ്ഥാനപങ്ങള്‍ രഹസ്യം ചോര്‍ത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണം. സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക ഏജന്‍സി വേണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.

Share
അഭിപ്രായം എഴുതാം