റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്

August 10, 2022 - 11:26 am

കുമളി: ശക്തമായ മഴയുണ്ടാകുമെന്നും അണക്കെട്ടിലേക്ക് നീരൊഴുക്ക് വര്‍ധിക്കുമെന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളെ അവഗണിച്ച് റൂള്‍ കര്‍വിനും മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലം സംഭരിച്ച് തമിഴ്നാട്. ഇതോടെ ദുരിതം അനുഭവിക്കേണ്ടിവന്നതാകട്ടെ പെരിയാര്‍ തീരവാസികളും.

കേരളം നേരത്തേ ആവശ്യപ്പെട്ടിട്ടും കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത് ഉയര്‍ത്താന്‍ തമിഴ്നാട് തയാറായില്ല. തമിഴ്നാട്ടിലെ ഡാമുകള്‍ ജല സമൃദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, പരമാവധി ജലം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിച്ചു നിര്‍ത്തുകയെന്ന വര്‍ഷങ്ങളായുള്ള തന്ത്രമാണ് തമിഴ്നാട് ഇത്തവണയും പുറത്തെടുത്തത്. ഈ മാസം തുടക്കം മുതല്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥ മുന്നറിയിപ്പുണ്ടായിരുന്നു. നാലു മുതല്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി. ഈ സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയായിരുന്നു. മഴ പെയ്തിറങ്ങിയതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 6592 ക്യുസെക്സായി വര്‍ധിച്ചു. അന്ന് തമിഴ്നാട് കൊണ്ടുപോയതാകട്ടെ 1919 ക്യുസെക്സ് മാത്രമായിരുന്നു.

അഞ്ചിന് ഉച്ചയ്ക്ക് ഒന്നോടെ ജലനിരപ്പ് റൂള്‍ കര്‍വായ 137.5 അടിയിലെത്തി. ഉച്ച കഴിഞ്ഞ് ജലനിരപ്പ് 137.6 അടിയിലെത്തിയപ്പോഴാണ് സ്പില്‍വേ ഷട്ടറുകളില്‍ ആറ് എണ്ണം 30 സെന്റി മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് ഒഴുക്കാന്‍ തുടങ്ങിയത്. അപ്പോഴേക്ക് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റില്‍ 8000 ക്യൂ സെക്സിനു മുകളിലെത്തിയിരുന്നു. ഈ സമയത്ത് തമിഴ്നാട് കൊണ്ടുപോയിരുന്നതാകട്ടെ 2166 ക്യൂ സെക്സ് ജലവും. ആറിനു ജലനിരപ്പ് 138.50 അടിയിലെത്തി. തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ തോത് അപ്പോഴും 2166 ക്യൂ സെക്സില്‍ നില നിര്‍ത്തി. ഏഴിനും ജലനിരപ്പ് മാറ്റമില്ലാതെ തുടര്‍ന്നു. പത്തു സ്പില്‍വേ ഷട്ടറുകളില്‍ ആറെണ്ണം 50 സെന്റി മീറ്റര്‍ വീതവും നാലെണ്ണം 30 സെന്റി മീറ്റര്‍ വീതവും ഉയര്‍ത്തി ജലം പുറംതള്ളിയിട്ടും റൂള്‍ കര്‍വ് പാലിക്കാനായില്ല. എട്ടിന് ജലനിരപ്പ് 139.20 അടിയായി ഉയര്‍ന്നു.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 10,000 ക്യൂ സെക്സായി വര്‍ധിച്ചു. അപ്പോള്‍ തമിഴ്നാട് കൊണ്ടുപോയിരുന്നത് 2122 ക്യൂ സെക്സ് ജലം മാത്രമായിരുന്നു. പിന്നീട് സ്പില്‍വേ ഷട്ടറുകള്‍ 90 സെന്റിമീറ്റര്‍ വിതം ഉയര്‍ത്തി ജലം പുറത്തേക്കൊഴുക്കാന്‍ തുടങ്ങി. പത്തു ഷട്ടറുകള്‍ വഴി 90 സെന്റി മീറ്റര്‍ ജലം ഒഴുക്കുന്നതിന് പുറമെ ഇന്നലെ മൂന്നു ഷട്ടറുകള്‍ കൂടി 30 സെന്റിമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിട്ടതോടെ പെരിയാര്‍ തീരത്തെ ജനജീവിതം ദുസഹമാകുകയും നിരവധി പേര്‍ക്ക് വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകേണ്ടിവരികയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *