റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അട്ടപ്പാടി മധു കേസ്; രണ്ട് വനം വാച്ചർമാരെയും പിരിച്ചുവിട്ടത് കൂറുമാറിയതിനാൽ എന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ

July 23, 2022 - 11:35 am

പാലക്കാട്: രണ്ട് വനം വാച്ചർമാരേയും പിരിച്ചുവിട്ടത് അട്ടപ്പാടി മധു കേസിൽ കൂറുമാറിയതിനാലെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ. രഹസ്യമൊഴി തിരുത്തി പറഞ്ഞതാണ് നടപടിക്ക് കാരണമെന്ന് അട്ടപ്പാടി റേഞ്ച് ഓഫീസർ സി.സുമേഷ് പറഞ്ഞു. പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുല്ല റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. സാക്ഷിപട്ടികയിൽ ഇനിയും വനം വാച്ചർമാരുണ്ട്. ഇവർക്ക് താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് വനം വകുപ്പിന്റെ നടപടി.

അട്ടപ്പാടി മധു കേസിലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ, പതിനാറാം സാക്ഷി അബ്ദുൽ റസാഖ് എന്നിവർക്കെതിരെയാണ് വനം വകുപ്പ് കഴിഞ്ഞദിവസം നടപടി എടുത്തത്. ഇരുവരും താൽക്കാലിക വാച്ചർമാർ ആയിരുന്നു. സർക്കാർ ശമ്പളം വാങ്ങി പ്രോസിക്യൂഷന് അനുകൂലമായി നൽകിയ രഹസ്യമൊഴി തിരുത്തിയതിനാണ് നടപടി. പ്രതികൾ സാക്ഷിപട്ടികയിൽ അവശേഷിക്കുന്ന വാച്ചർമാരെ സ്വാധീനിക്കാനുള്ള ശ്രമം കൂടി മുന്നിൽകണ്ടാണ് നടപടി. കേസിന്റെ സാക്ഷിപട്ടികയിൽ ഇനിയും വനംവച്ചന്മാർ ഉണ്ട്. ഇവർക്കുള്ള പരോക്ഷ താക്കീത് എന്ന നിലയ്ക്ക് കൂടിയാണ് മൊഴി മാറ്റിയവർക്കെതിരെ നടപടി സ്വീകരിച്ചത്.

അതേസമയം തുടർച്ചയായ കൂറുമാറ്റങ്ങൾക്കിടയിൽ അട്ടപ്പാടി മധു കേസിൽ നിർണായക സാക്ഷി മൊഴിയാണ് 22/07/22 വെള്ളിയാഴ്ച വിചാരണ കോടതിയിൽ ഉണ്ടായത്. മധുവിനെ ചവിട്ടുന്നത് കണ്ടു എന്നാണ് പതിമൂന്നാം സാക്ഷിയായ സുരേഷ് കോടതിയിൽ മൊഴി നൽകിയത്. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടിയതെന്നും മധു തലയിടിച്ച് വീണതായും കോടതിയിൽ സുരേഷ് മൊഴി നൽകി. ഹുസൈനെ സാക്ഷി തിരിച്ചറിഞ്ഞു. ആറു സാക്ഷികൾ കൂറുമാറിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി ലഭിക്കുന്നത്. കേസിൽ 6 സാക്ഷികളാണ് ഇതുവരെ കൂറുമാറിയത്. 10,11,14,15 സാക്ഷികളും നേരത്തെ കൂറുമാറിയിരുന്നു. അനിൽകുമാർ മൊഴിമാറ്റിയതിന് പിരിച്ചു വിടപ്പെട്ടിട്ടും അബ്ദുൽ റസാഖ് മൊഴിമാറ്റിയത് വനംവകുപ്പിന് തിരിച്ചടിയായി.

കൂറുമാറ്റം തടയാൻ സാക്ഷികൾക്ക് കഴിഞ്ഞ ദിവസം മുതൽ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്നെങ്കിലും നീക്കം ലക്ഷ്യം കണ്ടിട്ടില്ല. സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ചാണ് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്ന് കുടുംബം ആരോപിച്ചിരുന്നു. കൂറുമാറുന്നതിൽ മധുവിന്റെ സഹോദരി പൊട്ടിക്കരഞ്ഞ് മാധ്യമങ്ങളോട് സങ്കടം പറയുകയും ചെയ്തിരുന്നു. സാക്ഷികൾ പണം ആവശ്യപ്പെട്ടെന്നാണ് പറഞ്ഞത്. കേസിൽ നിന്ന് പിന്മാറാൻ വലിയ സമ്മർദ്ദം ഉണ്ടെന്നും കുടുംബം എസ്പിക്ക് പരാതി നൽകുകയായിരുന്നു. പന്ത്രണ്ടാമത്തെ സാക്ഷി കൂറുമാറിയ സാഹചര്യത്തിലാണ് സ്വന്തം സഹോദരന് നീതി നേടാന്‍ പോരാടുന്ന സരസു നിസ്സഹായവസ്ഥ പങ്കുവെച്ചത്.

അട്ടപ്പാടിയിൽ കഴിയാൻ ഭീഷണിയുണ്ടെന്ന് കാണിച്ച് മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി. മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് കുടുംബത്തിന്റെ ആലോചന. ഭീഷണിയും പ്രലോഭനങ്ങളും ഭയന്നാണ് തീരുമാനമെന്നും സരസു പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *