പനജി: ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ ഗോവയില്‍ പ്രതിപക്ഷ നേതാവിനെ നീക്കി കോണ്‍ഗ്രസ്. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വസതിയിലെത്തി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയെ തല്‍സ്ഥാനത്തു നിന്ന് നീക്കിയത്. ഭാര്യ ദെലെല ലോബോയടക്കം നാല് എം.എല്‍.എമാര്‍ കൂടി ലോബോയ്ക്കൊപ്പമുണ്ട്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെട്ടുത്താന്‍ ലോബോയും മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ഗൂഢാലോചന നടത്തിയെന്ന് ഗോവയുടെ ചുമതലയുള്ള എ.ഐ.സി.സി. അംഗം ദിനേശ് ഗുണ്ടു റാവു പറഞ്ഞു. അതിനിടെ, സാഹചര്യം വിശദീകരിക്കാന്‍ കോണ്‍ഗ്രസ് വിളിച്ച വാര്‍ത്താ സമ്മേളനം രാത്രി വൈകിയും നടന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 11 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ മൂന്നു പേര്‍ മാത്രമാണു പി.സി.സി. ഓഫിസിലെത്തിയതെന്നാണു വിവരം. ഏഴില്‍ കൂടുതല്‍ എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോവുകയാണെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് മൈക്കിള്‍ ലോബോ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയത്. ഭാര്യയ്ക്ക് സീറ്റ് നിഷേധിച്ചതായിരുന്നു പ്രകോപനം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദിഗംബര്‍ കാമത്തിന് പകരം മൈക്കള്‍ ലോബോയെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവാക്കി.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

