കൊല്‍ക്കത്ത: രക്ഷാപ്രവര്‍ത്തകര്‍ നോക്കിനില്‍ക്കെ ആശുപത്രി കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് ചാടിയ രോഗി ഗുരുതരനിലയില്‍. കൊല്‍ക്കത്തയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സ് ആശുപത്രിയിലാണ് സംഭവം. സുധീര്‍ അധികാരി എന്ന രോഗിയാണ് മനോനില തെറ്റിയ അവസ്ഥയില്‍ സാഹസത്തിനു മുതിര്‍ന്നത്. എട്ടാംനിലയിലെ ജനാലയിലൂടെ മുറിക്കു പുറത്തെത്തിയ ഇയാള്‍ ചാടുമെന്ന് ഭീഷണി മുഴക്കി നില്‍ക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. മനോനില തെറ്റിയ അവസ്ഥയില്‍ കഴിഞ്ഞ ദിവസമാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് എട്ടാം നിലയിലെ ജനാലയിലൂടെ ഇയാള്‍ പുറത്തു കടന്ന് തട്ടില്‍ ഇരിപ്പുറപ്പിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന് അനുനയിപ്പിച്ച് താഴേക്കിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ ഹൈഡ്രോളിക് ഏണി ഉയര്‍ത്തി രക്ഷിക്കാനുള്ള ശ്രമം ചാടുമെന്ന് ഭീഷണിമുഴക്കിയതോടെ അധികൃതര്‍ ഉപേക്ഷിച്ചു. കിടക്കകളും വലയും വിരിച്ച് സര്‍വസന്നാഹവുമായി രക്ഷാപ്രവര്‍ത്തകര്‍ സജ്ജരായതോടെ ഇയാള്‍ താഴേക്കിറങ്ങാന്‍ ശ്രമിച്ചു.
കെട്ടിടത്തിന്റെ അരികില്‍ പിടിച്ചുകൊണ്ടുള്ള സാഹസത്തിനിടയിലും ഇയാള്‍ ചാടുമെന്ന് ഭീഷണി മുഴക്കി. ഇതിനിടെ കാല്‍വഴുതി പിടിവിട്ട് താഴേക്കു വീഴുകയായിരുന്നെന്ന് പറയുന്നു. വീഴ്ചയില്‍ ജനാലകളുടെ തട്ടുകളില്‍ ഇടിച്ച് തലയോട്ടി, വാരിയെല്ലുകള്‍, ഇടത് കൈ എന്നിവയ്ക്ക് ഗുരുതര പരുക്കേറ്റു. നിരവധി പേര്‍ നോക്കിനില്‍ക്കെയാണ് സുധീര്‍ അധികാരി വീണത്.



