ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പ്രമുഖര്‍ രംഗത്തെത്തി. അഗ്‌നിപഥ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി നടക്കുന്ന അക്രമങ്ങളെ മുന്‍ സൈനിക മേധാവി ജനറല്‍ വി.പി. മല്ലിക് രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ ഗുണ്ടകളെ റിക്രൂട്ട് ചെയ്യാന്‍ സൈന്യം ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്മതാക്കി.
കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം നേടിയത് ജനറല്‍ വി.പി. മല്ലികിന്റെ നേതൃത്വത്തിലാണ്. ”ഇന്ത്യന്‍ സായുധസേന ഒരു സന്നദ്ധ സേനയാണെന്ന് നാം മനസിലാക്കണം. രാജ്യത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ആളുകളായിരിക്കണം അതിലേക്കു വരേണ്ടത്. ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നവരും ട്രെയിനുകളും ബസുകളും കത്തിക്കുന്നവരും സായുധ സേനയില്‍ ഉണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല”- ജനറല്‍ മല്ലിക് പറഞ്ഞു.അതേസമയം, റിക്രൂട്ട്മെന്റ് താത്കാലികമായി നിര്‍ത്തിവെച്ചത് കാരണം ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നിരവധി ഉദ്യോഗാര്‍ഥികള്‍ ഉണ്ടെന്നത് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കുന്ന ആശങ്കകള്‍ മുറയ്ക്ക് പരിശോധിക്കാമെന്നും ജനറല്‍ മല്ലിക് വ്യക്തമാക്കി. പദ്ധതിക്കെതിരായ വിമര്‍ശനം കോണ്‍ഗ്രസ് ശക്തമാക്കി. അഗ്‌നിപഥ് പിന്‍വലിക്കണമെന്നു എ.ഐ.സി.സി. സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സാധാരണക്കാരുടെ ആവശ്യങ്ങള്‍ മനസിലാകുന്നില്ലെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു.പദ്ധതിക്കെതിരേ രാജ്യത്തു പലയിടങ്ങളില്‍ പ്രതിഷേധം അക്രമങ്ങളിലേക്കു വഴിമാറിയ സാഹചര്യത്തിലാണു കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചത്. അതേസമയം, അഗ്‌നിപഥിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി എം.പി. കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.



