പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. വള്ളിത്തോട് നിർമ്മിച്ച 2.18 കോടിയുടെ കെട്ടിട സമുച്ചയം മെയ് 25 ബുധനാഴ്ച രാവിലെ 11.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നാടിന് സമർപ്പിക്കും. വള്ളിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രമായിരിക്കുമ്പോഴാണ് 2018ലെ പ്രളയത്തിൽ മണ്ണിടിഞ്ഞ് കെട്ടിടം പൂർണമായും തകർന്നത്. അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ, സണ്ണിജോസഫ് എംഎൽഎ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എൻ അശോകൻ എന്നിവരുടെ ശ്രമഫലമായാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ നിന്നും 2.18 കോടി രൂപ അനുവദിച്ചത്.
വള്ളിത്തോട് ഷാരോൺ ഫെലോഷിപ്പ് ചർച്ച് സൗജന്യമായി നൽകിയ ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ആധുനിക രീതിയിലുള്ള കെട്ടിടം പണിതത്. ഷാരോൺ ചർച്ചിന്റെ പഴയ കെട്ടിടത്തിലാണ് താൽക്കാലികമായി ഇപ്പോൾ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്. രണ്ടു സ്ഥിരം ഡോക്ടർമാരുടെയും ഒരു പഞ്ചായത്ത് ഡോക്ടറുടെയും സേവനം ഇവിടെയുണ്ട്. പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. അത്യാഹിത വിഭാഗം, മൂന്ന് ഒ പി കൗണ്ടറുകൾ, ഗർഭകാല പരിശോധന, വയോജന ക്ലിനിക്ക്, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടൽ കേന്ദ്രം, ലബോറട്ടറി, ഫാർമസി തുടങ്ങിയവക്ക് പുതിയ കെട്ടിടത്തിൽ പ്രത്യേകം സൗകര്യമുണ്ട്. വിശാലമായ കോൺഫറൻസ് ഹാളും ഉണ്ട്. കിടത്തി ചികിത്സയില്ലെങ്കിലും അടിയന്തര ഘട്ടത്തിൽ ഒരേസമയം നാലുപേരെ വരെ ചികിത്സിക്കാൻ കിടക്ക ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. മണ്ണിടിച്ചൽ മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് എൻ എച്ച് എം ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മാണവും പൂർത്തീകരിച്ചിട്ടുണ്ട്.

