കൊളംബോ: സാമ്പത്തികപ്രതിസന്ധിയേത്തുടര്‍ന്നു കലാപം കത്തിപ്പടരുന്ന ശ്രീലങ്കയില്‍ ഭരണാധികാരികളായ രാജപക്സെമാര്‍ രാജ്യം വിടാതിരിക്കാന്‍ കാവലുമായി പ്രക്ഷോഭകര്‍. രാജ്യത്തെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ആശുപത്രികളും സമരക്കാരുടെ നിരീക്ഷണത്തില്‍. ജനരോഷം ഭയന്നു മുന്‍പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും കുടുംബവും ഒളിവില്‍പോയി. ജനക്കൂട്ടം വളഞ്ഞതിനെ തുടര്‍ന്നു ഔദ്യോഗിക വസതിയില്‍നിന്ന് അദ്ദേഹത്തെ സൈന്യം ട്രിങ്കോമാലിയിലെ നാവികത്താവളത്തിലേക്കു മാറ്റി. കഴിഞ്ഞദിവസം പ്രധാനമന്ത്രി സ്ഥാനം രാജിവച്ച മഹിന്ദയുടെയും സഹോദരന്‍കൂടിയായ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെയും തറവാട്ടുവീടിനു ജനക്കൂട്ടം തീയിട്ടിരുന്നു.
തലസ്ഥാനമായ കൊളംബോയില്‍നിന്നു മഹിന്ദയും കുടുംബവും ഹെലികോപ്ടറിലാണ് 270 കിലോമീറ്റര്‍ അകലെ ട്രിങ്കോമാലിയിലെ നാവികതാവളത്തിലേക്കു പോയത്.
രാജിവച്ചശേഷവും പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലേക്കു രാത്രി ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ ഇരമ്പിയെത്തിയതോടെ, പുലര്‍ച്ചെ മഹിന്ദയേയും കുടുംബെത്തയും സൈന്യം പ്രത്യേകദൗത്യത്തിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. ജലമാര്‍ഗം മഹീന്ദ രക്ഷപ്പെടാതിരിക്കാന്‍ ഔദ്യോഗിക വസതിക്കു സമീപമുള്ള ബെയ്ര തടാകത്തിലും സമരക്കാര്‍ കാവല്‍നിന്നു. രാജപക്സെ അനുയായികളെ രക്ഷപ്പെടുത്താനെത്തിച്ച രണ്ട് ബസുകളടക്കമുള്ള വാഹനങ്ങള്‍ ജനം കായലില്‍ മുക്കി. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിക്കുനേരേ പെട്രോള്‍ ബോംബുകളെറിഞ്ഞു. അക്രമാസക്തരായ ജനങ്ങളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ആകാശത്തേക്കു വെടിവച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
മഹിന്ദ രക്ഷപ്പെട്ട വിവരം പുറത്തറിഞ്ഞതോടെ, അദ്ദേഹം അഭയം തേടിയ നാവികതാവളത്തിനു പുറത്തും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പണവുമായി രാജപക്സെമാര്‍ രാജ്യംവിടാതിരിക്കാനാണു തങ്ങളുടെ ജാഗ്രതയെന്നു ട്രിങ്കോമാലി നാവികത്താവളത്തിനു മുന്നില്‍ ”കാവല്‍” നില്‍ക്കുന്ന പ്രക്ഷോഭകാരികളിലൊരാള്‍ പറഞ്ഞു. മഹീന്ദയുടെ അനുയായികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതു തടയാനും ശ്രമമുണ്ടായി.

