റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് രാത്രിഅത്താഴം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ വസതിയില്‍. ഇന്നലെ വൈകിട്ടോടെ ഷാ കൊല്‍ക്കത്തയിലെ ഗാംഗുലിയുടെ വസതിയിലെത്തി.വെളുത്ത എസ്.യു.വിയില്‍ അംഗരക്ഷകപ്പടയ്ക്കൊപ്പമായിരുന്നു കേന്ദ്രമന്ത്രിയുടെ വരവ്. വസതിയിലേക്കുള്ള ഇടുങ്ങിയ പാതയ്ക്കിരുവശവും നിരവധി പേര്‍ ഷായെ നേരില്‍ക്കാണാന്‍ കാത്തുനിന്നിരുന്നു. വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന കേന്ദ്രമന്ത്രി എല്ലാവരെയും കൈകൂപ്പി പ്രത്യഭിവാദ്യം ചെയ്തു.

വസതിയിലെത്തിയ ഷായെ ഗാംഗുലിയും കുടുംബാംഗങ്ങളും ചേര്‍ന്നു സ്വീകരിച്ചു. അല്‍പ്പസമയം സ്വീകരണമുറിയില്‍ ചെലവഴിച്ചശേഷമായിരുന്നു അത്താഴം.അമിത് ഷായുടെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയം കാണേണ്ടെന്നു നേരത്തെ സൗരവ് ഗാംഗുലി പ്രതികരിച്ചിരുന്നു. 2008 മുതല്‍ ഷായുമായി പരിചയമുണ്ട്. പലവട്ടം സംസാരിച്ചിട്ടുമുണ്ട്. ക്രിക്കറ്റില്‍നിന്നു വിരമിച്ച ശേഷം ബി.സി.സി.ഐ. അധ്യക്ഷപദത്തിലെത്തിയപ്പോള്‍ സെക്രട്ടറിയായ ഷായുടെ മകന്‍ ജയ് ഷായുമൊത്തു പ്രവര്‍ത്തിക്കുകയാണ്- ഗാംഗുലി പറഞ്ഞു. വി.വി.ഐ.പിയുടെ അത്താഴത്തിന് വിഭവങ്ങളെന്തൊക്കെയാണെന്ന ചോദ്യത്തിന് ഷാ വെജിറ്റേറിയനാണെന്നും വീട്ടിലെത്തിയാലേ എന്തൊക്കെയാണെന്നു തയാറാക്കിയിരിക്കുന്നതെന്നു പറയാന്‍ കഴിയുകയുള്ളൂവെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനു മുന്നില്‍ അടിപതറിയ ബി.ജെ.പി, പശ്ചിമബംഗാളില്‍ തിരിച്ചുവരവിനു കോപ്പുകൂട്ടുന്നതിനിടെയാണ് ഗാംഗുലിയുടെ വസതിയിലെ ഷായുടെ സന്ദര്‍ശനം. ബംഗാളില്‍ ”ദീദി”യെ നേരിടാന്‍ ”ദാദ”യെ പാര്‍ട്ടി കൊടിക്കീഴില്‍ രാഷ്ട്രീയക്കളത്തിലിറക്കുകയാണ് സന്ദര്‍ശനദൗത്യമെന്നു കരുതുന്നവര്‍ കുറവല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഗാംഗുലി ബി.ജെ.പിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അന്നും ഗാംഗുലി ഇക്കാര്യം നിഷേധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *