റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.എസ്.എല്‍. ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനു തോല്‍വി

March 21, 2022 - 11:17 am

പനാജി: മലയാളി ആരാധകവൃന്ദത്തെ കണ്ണീരിലാഴ്ത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്ബോള്‍ കിരീടപ്പോരില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു കാലിടറി. 120 മിനിറ്റ് കളിച്ചിട്ടും സമനിലക്കെട്ടു പൊട്ടിക്കാനാകാതെ വന്നതോടെ വിധി നിര്‍ണയിച്ച പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഞ്ഞപ്പട പൊരുതിവീണു.

ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ പരിചയസമ്പത്തിനു മുന്നില്‍ ബ്ലാസ്റ്റേഴ്സ് വീണപ്പോള്‍ 3-1 ന്‌ ഹൈദരാബാദ് എഫ്.സിക്കു നടാടെ കിരീടമധുരം. ഷൂട്ടൗട്ടില്‍ മൂന്നു കിക്കുകള്‍ പാഴാക്കി ബ്ലാസ്റ്റേഴ്സ് തോല്‍വി ഇരന്നുവാങ്ങി. ഇതു മൂന്നാം തവണയാണു ബ്ലാസ്റ്റേഴ്സ് കിരീടം കൈവിടുന്നത്.

ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മലയാളി താരം കെ.പി. രാഹുലിന്റെ 68-ാം മിനിറ്റ് ഗോളില്‍ മുന്നില്‍ക്കടന്ന ബ്ലാസ്റ്റേഴ്സ് കിരീടം ഉറപ്പിച്ച വേളയിലാണ്‌ ഹൈദരാബാദിന്റെ സമനിലഗോളെത്തിയത്.88-ാം മിനിറ്റില്‍ സഹില്‍ ടവോരയിലൂടെ ഹൈദരാബാദ് മത്സരം എക്സ്ട്രാെടെമിലേക്കു നീട്ടി. അവിടെയും ഗോള്‍ പിറക്കാതെ വന്നതോടെ ഷൂട്ടൗട്ടില്‍ വിധി നിര്‍ണയിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്ത മാര്‍ക്കോ ലെസ്‌കോവിച്ചിന്റെ ഷോട്ട് കട്ടിമണി തട്ടിയകറ്റിയതു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം മോശമാക്കി. ആദ്യ അവസരം തന്നെ ഹൈദരാബാദ് ലക്ഷ്യത്തിലെത്തിച്ചതു ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തി. പിന്നാലെ നിഷു കുമാര്‍, ജീക്സണ്‍ സിങ് എന്നിവരും കിക്കുകള്‍ പാഴാക്കി. കട്ടിമണിയുടെ മികവ് വെളിവാക്കുന്ന നിമിഷങ്ങളായിരുന്നു അത്. ആയുഷ് അധികാരിക്കു മാത്രമാണു കട്ടിമണിയെ കീഴടക്കാനായത്. ഹൈദരാബാദ് നിരയില്‍ ജാവോ വിക്ടര്‍, ഖാസ കമാറ, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ ലക്ഷ്യം കണ്ടു. സിവേറിയോയുടെ ഷോട്ട് ബാറിനു മുകളിലൂടെ പറന്നെങ്കിലും എട്ടാം സീസണിലെ ജേതാക്കളാകാനുള്ള യോഗം ഹൈദരാബാദ് നഷ്ടമാക്കിയില്ല. ഹൈദരാബാദിനായി നാലാം കിക്കെടുത്ത മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഹാലിചരണ്‍ നര്‍സാരിയുടെ ഷോട്ട് പ്രഭുസുഖന്‍ സിങ് ഗില്ലിനെ മറികടന്ന് വലചുംബിച്ചതോടെ വിജയനിമിഷം പിറന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *