ന്യൂഡൽഹി: സിൽവർ ലൈനിന് ഇപ്പോള്‍ അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാർലമെന്റില്‍. ഡിപിആർ പൂർണമല്ലെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ പാര്‍ലമെന്റില്‍ പറഞ്ഞു.
പാരിസ്ഥിതിക പഠനം നടത്തിയിട്ടില്ല. സാങ്കേതികമായും സാമ്പത്തികമായും എങ്ങനെ ബാധിക്കുമെന്നതിൽ വ്യക്തത ഇല്ല. സാമൂഹിക ആഘാത പഠനത്തിനുള്ള നടപടികൾ മാത്രമാണ് കേരള സർക്കാർ സ്വീകരിച്ചതെന്നും റെയിൽവെ മന്ത്രി അറിയിച്ചു. എൻ കെ പ്രേമചന്ദ്രന്റെയും കെ മുരളീധരന്റെയും ചോദ്യത്തിനാണ് റെയില്‍വെ മന്ത്രി മറുപടി നൽകിയത്.
‘സാങ്കേതികമായ പ്രായോഗികതയ്ക്ക് ആവശ്യമായ വിശദാംശങ്ങൾ ഡിപിആറിൽ ലഭ്യമല്ല. അലൈൻമെന്റ് പ്ലാൻ, റെയിൽവേ-സ്വകാര്യ ഭൂമികളെ കുറിച്ചുള്ള വിശദാംശങ്ങൾ, നിലവിലുള്ള റെയിൽവേ ശൃഖലയ്ക്ക് മുകളിലുള്ള ക്രോസോവർ തുടങ്ങിയവയിൽ പൂർണ വിവരങ്ങൾ ആവശ്യമാണ്. സാങ്കേതിക മാനദണ്ഡങ്ങൾ പൂർത്തീകരിച്ച ശേഷം സാമ്പത്തിക ക്ഷമതയും പരിശോധിക്കപ്പെടേണ്ടതുണ്ട്’- മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
കാസർകോട് മുതൽ കൊച്ചു വേളി വരെ 532 കി.മി നീളുന്ന സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയാണ് സിൽവർ ലൈൻ പദ്ധതി. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനാകും. അങ്ങനെ വന്നാൽ നാല് മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താം.




