പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ഹൈദരാബാദ് എഫ്.സി. ഫറ്റോര്‍ദയിലെ ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹൈദരാബാദിനു വേണ്ടി ബര്‍തലോമി ഒഗ്ബാചെ ഇരട്ട ഗോളുകളടിച്ചു. മൂന്ന്, 60 മിനിറ്റുകളിലായിരുന്നു ഒഗ്ബാചെയുടെ ഗോളുകള്‍. ആകാശ് മിശ്ര (45), നിഖില്‍ പൂജാരി (84), എഡു ഗാര്‍ഷ്യ (88) എന്നിവര്‍ ഓരോ ഗോള്‍ വീതമടിച്ചു. ഒന്നാം പാദത്തിലും നോര്‍ത്ത് ഈസ്റ്റിനെ ഹൈദരാബാദ് 5-0 നു തകര്‍ത്തിരുന്നു.
എട്ടാം സീസണിലെ ഏഴാം ജയത്തോടെ ഹൈദരാബാദ് ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. 26 പോയിന്റോടെയാണ് അവര്‍ തലപ്പത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനക്കാരായ ജംഷഡ്പൂര്‍ എഫ്.സി. നാലു പോയിന്റുകള്‍ക്കു പിന്നിലാണ്. കേരള ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്.സിയും 20 പോയിന്റ് വീതം നേടി മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഇന്നലെ ഗോള്‍ കീപ്പര്‍ സുഭാശിഷ് റോയിയുടെ മോശം പ്രകടനവും നോര്‍ത്ത് ഈസ്റ്റിനു തിരിച്ചടിയായി. മൂന്നാമത്തെ മിനിറ്റില്‍ തന്നെ വരാന്‍ പോവുന്ന ഗോള്‍ വര്‍ഷത്തിന്റെ സൂചന ഹൈദരാബാദ് നല്‍കി. സെറ്റ് പീസില്‍ നിന്നായിരുന്നു ഈ ഗോള്‍. ഇടതു മൂലയില്‍നിന്നു ഹൈദരാബാദിന് അനുകൂലമായി ഫ്രീകിക്ക്. ജോള്‍ ചിയാനിസ് എടുത്ത ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു നല്‍കിയ ക്രോസില്‍ ജാവോ വിക്ടറിന്റെ ഹെഡ്ഡര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചു. തക്കം പാര്‍ത്തു നിന്ന ഒഗ്ബാചെ തകര്‍പ്പന്‍ കിക്കിലൂടെ പന്ത് വലയിലേക്കു തൊടുത്തു.
തുടര്‍ന്നും ഹൈദരാബാദ് തന്നെ കളി നിയന്ത്രിച്ചു. മറുഭാഗത്തു ചുരുക്കം ചില അവസരങ്ങള്‍ മാത്രമേ നോര്‍ത്ത് ഈസ്റ്റിനു ലഭിച്ചുള്ളൂ. ഒന്നാംപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് മിശ്ര ഹൈദരാബാദിന്റെ ലീഡ് ഉയര്‍ത്തി. ഇത്തവണയും സെറ്റ് പീസായിരുന്നു ഗോളിലേക്കു വഴിയൊരുക്കിയത്. ഇടതു മൂലയില്‍ നിന്നുള്ള മറ്റൊരു കോണറില്‍ നിന്നായിരുന്നു രണ്ടാമത്തെ ഗോള്‍. ജോള്‍ ചിയാനിസിന്റെ കോര്‍ണര്‍കിക്ക് നോര്‍ത്ത് ഈസ്റ്റ് ബോക്‌സിനകത്ത് താഴ്ന്നിറങ്ങിയപ്പോള്‍ ഗോള്‍ കീപ്പര്‍ സുഭാശിഷ് കൂട്ടപ്പൊരിച്ചിലിനിടെ നിലത്തുവീണിരുന്നു. 60-ാം മിനിറ്റില്‍ ഒഗബാചെ രണ്ടാം ഗോളടിച്ചു. 70 കളികളില്‍നിന്നു 49 ഗോളുകളടിച്ച ഒഗ്ബാചെ ഐ.എസ്.എല്ലിലെ ടോപ് സ്‌കോററായി. 84-ാം മിനിറ്റില്‍ പൂജാരിയും 88-ാം മിനിറ്റില്‍ ഗാര്‍ഷ്യയും പട്ടിക തികച്ചു