ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ സിപിഐയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹം

ഇടുക്കി : ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. സിപിഐയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഡി.എം. .കെ പാർട്ടികളുമായും ചർച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട് .രാജേന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയോട് ശുപാർശ ചെയ്ത സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ പടരുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർത്ഥിയായ എ.രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയതിനെ തുടർന്നാണിത്.അന്തിമ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സമിതിയാണ്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല,പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് കമ്മിഷൻ കണ്ടെത്തലുകൾ.

എ.രാജ വിജയിച്ചെങ്കിലും പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഇടങ്ങളിൽ ഏറെ പിന്നിൽ പോയിരുന്നു. ജില്ലാ കമ്മിറ്റി അംഗമായ രാജേന്ദ്രന്റെ സ്വാധീന മേഖലകളായിരുന്നു ഇവയെല്ലാം.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജേന്ദ്രനെതിരെ ബ്രാഞ്ച് തലം മുതൽ മേൽക്കമ്മിറ്റികൾക്ക് പരാതികൾ ലഭിച്ചു.അടിമാലി, മറയൂർ, മൂന്നാർ, ഏരിയാ കമ്മിറ്റി അംഗങ്ങളും പരാതി ഉന്നയിച്ചു.രാജേന്ദ്രൻ ജാതി അടിസ്ഥാനത്തിൽ വിഭജനം നടത്തി പാർട്ടി സ്ഥാനാർത്ഥിയെ തോല്പിക്കാൻ ശ്രമിച്ചെന്ന പരാതിയും ഉയർന്നു.തുടർന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.വി വർ​ഗീസ്, വി.എൻ മോഹനൻഎന്നിവരെ അന്വേഷണ കമ്മിഷനായി ജില്ലാ കമ്മിറ്റി നിയോഗിച്ചത്.പരാതികളിൽ കഴമ്പുണ്ടെന്ന് കമ്മിഷൻ കണ്ടെത്തി.

മൂന്ന് തവണ ദേവികുളം മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ യായിരുന്ന രാജേന്ദ്രൻ ബ്രാഞ്ച് മുതൽ ഏരിയാകമ്മിറ്റി വരെയുള്ള ഒരു സമ്മേളനത്തിലും ഇത്തവണ പങ്കെടുത്തില്ല.ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകിയില്ല.ഇതാണ് നടപടി വേണമെന്ന ആവശ്യം ശക്തമായത്.രാജേന്ദ്രൻ പാർട്ടിയുമായി സഹകരിക്കാത്തതും മാദ്ധ്യമങ്ങളിലൂടെ പ്രസ്താവനകൾ നടത്തുന്നതും സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എംഎം.മണി പരസ്യമായി വിമർശിച്ചിരുന്നു.

നടപടി ഉണ്ടായാൽ എസ്.രാജേന്ദ്രൻ പാർട്ടി വിടുമെന്ന അഭ്യൂഹം ശക്തമാണ്.സിപി.ഐ,ഡിഎം.കെ പാർട്ടികളുമായി ചർച്ച നടത്തിയതായി വിവരവും പുറത്തുവരുന്നുണ്ട്.ഡിഎംകെനേതാക്കളുമായി രണ്ടാഴ്ച മുമ്പ് തിരുനെൽവേലിയിൽ ചർച്ച നടത്തിയതായി സൂചനയുണ്ട്.ദിവസങ്ങളായി രാജേന്ദ്രൻ തിരുനെൽവേലിയിലെ വീട്ടിലായിരുന്നു.സിപിഐയിൽ ചേർന്നേക്കുമെന്ന അഭ്യൂഹവും ശക്തമാണ്.രാജേന്ദ്രൻ പാർട്ടിയിലേക്ക് വരുമോയെന്ന് ഒരാഴ്ച മുമ്പ് സിപിഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനോട് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ആർക്ക് വേണമെങ്കിലും വരാമെന്നും അത് സസ്‌പെൻസ് ആയി നിൽക്കട്ടെയെന്നുമായിരുന്നു മറുപടി.എന്നാൽ പാർട്ടി വിടില്ലെന്നാണ് രാജേന്ദ്രൻ പറയുന്നത്

Share
അഭിപ്രായം എഴുതാം