കാസർകോട്: തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന് അയോഗ്യത കല്‍പ്പിക്കുന്നതിനുള്ള അധികാരം പഞ്ചായത്ത് സെക്രട്ടറിയ്ക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നിലവിലുള്ള നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായി നടത്തിയ സമഗ്ര ഓണ്‍ലൈന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷണര്‍. തുടര്‍ച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്. പരാതിയുള്ള പക്ഷം അംഗത്തിന് കാര്യകാരണസഹിതം ബന്ധപ്പെട്ട ഭരണസമിതിയ്ക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ അംഗത്വം പുനഃസ്ഥാപിക്കുന്നതിന് വിശദീകരണം നല്‍കാം. അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രേഖകള്‍ സഹിതം ഹര്‍ജി ഫയല്‍ ചെയ്യാം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക കുറ്റമറ്റതാക്കി സൂക്ഷിക്കല്‍, പഞ്ചായത്ത് സമിതി, സ്റ്റാന്റിംഗ് കമ്മിറ്റി യോഗങ്ങള്‍, ഗ്രാമസഭാ യോഗങ്ങള്‍ സംബന്ധിച്ച രേഖകള്‍ വീഴ്ച കൂടാതെ കൈകാര്യം ചെയ്യുന്നതിനും പഞ്ചായത്ത് സെക്രട്ടറിമാര്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പരിശീലന പരിപാടിയില്‍ കമ്മീഷന്‍ കണ്‍സള്‍ട്ടന്റ് അഡ്വ. കെ.റ്റി. ജോര്‍ജ്ജ് ക്ലാസ് എടുത്തു. സെക്രട്ടറി എ.സന്തോഷ്, ജോയിന്റ് സെക്രട്ടറി ജെയിംസ് പി.ജെ. തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



