സ്പെഷ്യൽ റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അക്ഷരങ്ങളില്‍ ഉപാസനമൂര്‍ത്തികളെ കുടിയിരുത്തിയ പൗര്‍ണമിക്കാവ്

November 12, 2021 - 9:45 am

പാറക്കഷണങ്ങളില്‍നിന്ന് ചാരുത തുളുമ്പുന്ന ശില്‍പ്പങ്ങള്‍ തീര്‍ക്കുന്ന പാരമ്പര്യ ശില്‍പ്പികളുടെ നാടാണ് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുള്ള മൈലാടി ഗ്രാമം. ഇവിടെ നിര്‍മിക്കുന്ന ശില്‍പ്പങ്ങള്‍ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെയും ആത്മീയതയുടെയും വാങ്മയചിത്രങ്ങള്‍ക്ക് പൂര്‍ണത നല്‍കുന്നു.കരവിരുതുകൊണ്ട് കരിങ്കല്ലില്‍ ദൈവരൂപം കൊത്തിയെടുക്കുന്ന ശില്പികളുടെ നാട് എന്നതിനപ്പുറം മലയാളിയ്ക്ക് ഈ നാടിനെ ഓര്‍മ്മിക്കാന്‍ ഇപ്പോള്‍ ഒരു കാരണം കൂടിയുണ്ട്. മലയാള നാടിന് വേണ്ടി അമ്പത്തിയൊന്ന് അക്ഷരദേവതാ വിഗ്രഹങ്ങള്‍ കൊത്തിമിനുക്കിയ നാടെന്ന വിശേഷണമാണത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, വെങ്ങാനൂര്‍ പൗര്‍ണമി കാവ് ക്ഷേത്രത്തിലാണ് അക്ഷര ദേവതകളെ പ്രതിഷ്ഠിച്ചത്. അതിനു വേണ്ടിയാണ് അമ്പത്തിയൊന്ന് അക്ഷര ശില്‍പങ്ങള്‍ മൈലാടിക്കാര്‍ നിര്‍മ്മിച്ചത്. ഇത്തവണത്തെ വിജയദശമിയിലാണ് പൗര്‍ണമിക്കാവില്‍ 51 അക്ഷര ദേവതമാരെ കുടിയിരുത്തിയത്.

ചരിത്രത്തിലാദ്യം, ഓരോ അക്ഷരവും ദേവി സങ്കല്‍പത്തില്‍

ചരിത്രത്തിലാദ്യമായിട്ടാകും അക്ഷര ദേവതകള്‍ക്ക് വേണ്ടി ഇത്തരത്തില്‍ ശില്‍പങ്ങള്‍ നിര്‍മ്മിച്ചത്. മൂന്നര അടി വലിപ്പത്തിലാണ് ഓരോ വിഗ്രഹവും ഒരുക്കിയത്.പൊതുവേ അക്ഷര ദേവതയായി കണക്കാക്കുന്നത് സരസ്വതി ദേവിയെയാണ്. എന്നാല്‍, മലയാളത്തിലെ ഓരോ അക്ഷരത്തിനും ഓരോ ദേവീസങ്കല്പമുണ്ട്. അ എന്ന അക്ഷരത്തിന് അമൃതാദേവി, ആ-് ആകര്‍ശന ദേവി എന്നിങ്ങനെ പോവുന്നു അത്. എ’ എന്ന അക്ഷരത്തെ കുറിക്കുന്ന ഏകപാദാദേവിക്ക് ഇരുപതു കൈകള്‍ ഉണ്ട്. അമ്പത്തിയൊന്ന് അക്ഷരദേവതമാരില്‍ ഒരാള്‍ മാത്രമാണ് സരസ്വതി. ‘ത’ എന്ന അക്ഷരത്തെയാണ് സരസ്വതി പ്രതിനിധാനം ചെയ്യുന്നത്. ഇരുട്ടിനെ അകറ്റുന്നത് എന്ന അര്‍ഥത്തില്‍ ‘തമസ്യാദേവി’ എന്ന നാമത്തിനെനായണ് ത പ്രതിനിധാനം ചെയ്യുന്നത്. വേദങ്ങളിലും പുരാണങ്ങളിലും അന്‍പത്തിയൊന്ന് അക്ഷരങ്ങള്‍ ചേര്‍ത്ത സ്ഫടികമാല അണിഞ്ഞ കാളീദേവിയെ അവതരിപ്പിക്കുന്നുണ്ട്. കാളി തലയോട്ടിമാലയും അണിഞ്ഞിട്ടുണ്ട്. ഇത് അക്ഷരങ്ങളാണെന്നു വേദങ്ങളും ഉപനിഷത്തുക്കളും പുരാണവും സമര്‍ഥിക്കുന്നു. അക്ഷരത്തിനു നാശമില്ലാത്തത് എന്ന അര്‍ഥം കൂടിയുണ്ട്. മൃത്യുവിനു നാശം വരുത്താനാവാത്ത ഒന്നായി തലയോട്ടി കാളിയുടെ കഴുത്തില്‍ ആഭരണമായി വിലസുന്നു.
വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് ഓരോ അക്ഷര ശില്‍പങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. മൈലാടിയില്‍ പിറവിയെടുത്ത അന്‍പത്തിയൊന്ന് ദേവിമാരുടെയും കാഴ്ചകള്‍ വ്യത്യസ്തമാണ്. രൂപവും ഭാവവും വസ്ത്രവിധാനവും ആഭരണങ്ങളും ആയുധങ്ങളും വാഹനവും ഒന്നിനൊന്നു വൈവിധ്യം നിറഞ്ഞത്. അടിസ്ഥാന ഗ്രന്ഥങ്ങളില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇവ കംപ്യൂട്ടറില്‍ ശാസ്ത്രീയമായി വരച്ചെടുക്കുകയായിരുന്നു.

അക്ഷരങ്ങളില്‍ ഈശ്വരനുണ്ടെന്ന ചിന്തയുടെ പിറകെ സഞ്ചരിച്ച ഒരുകൂട്ടം ഭാഷാസ്‌നേഹികളും ആധ്യാത്മികാചാര്യന്മാരുമാണു മലയാള ഭാഷയിലെ ഓരോ അക്ഷരത്തിന്റെയും ഉപാസനാ മൂര്‍ത്തികളെ ശില്‍പ രൂപത്തില്‍ ആവിഷ്‌കരിക്കാന്‍ ശ്രമം തുടങ്ങിയത്. അതിനു വേണ്ടിവന്നതു നീണ്ട ഒരു വ്യാഴവട്ടക്കാലത്തെ സമയവും. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപുരോഹിതനും ശ്രീപത്മനാഭസ്വാമിയുടെ പ്രതിനിധിയും സംസ്‌കൃത പണ്ഡിതനുമായ പുഷ്പാഞ്ജലി സ്വാമിയാര്‍ അച്യുതഭാരതി, എം.എസ്. ഭുവനചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വര്‍ഷങ്ങളോളം നീണ്ടുനിന്ന പഠനഗവേഷണങ്ങളുടെ ഭാഗമായി അന്‍പത്തിയൊന്നു ദേവതമാരെ ശില്‍പങ്ങളിലൂടെ പുനഃസൃഷ്ടിച്ചത്. ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭക്തകവി തുഞ്ചത്ത് എഴുത്തച്ഛന്റെ ‘ഹരിനാമകീര്‍ത്തന’ത്തിലെ പതിനാലാം ശ്ലോകം മുതല്‍ അറുപതാം ശ്ലോകം വരെ അക്ഷരദേവതകളെപ്പറ്റി വ്യക്തമായ പരാമര്‍ശമുണ്ടെന്നു പുഷ്പാഞ്ജലി സ്വാമിയാര്‍ പറയുന്നു. ‘ലോകത്ത് മറ്റൊരു ഭാഷയിലും അക്ഷരസങ്കല്‍പത്തെ ഇതേപോലെ ബൃഹത്തായി ശില്‍പരൂപത്തില്‍ അവതരിപ്പിച്ചതായി അറിവില്ലെന്ന് എം.എസ്. ഭുവന ചന്ദ്രന്‍ പറയുന്നു. ശില്പ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. 51 കുടുംബങ്ങളാണ് ചെലവ് വഹിച്ചത്. പല ക്ഷേത്രങ്ങള്‍ക്ക് വേണ്ടിയും ഇതിന് മുമ്പ് ഒരുപാട് ശില്പങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ മലയാള അക്ഷരങ്ങള്‍ കൊണ്ട് ഇങ്ങനെ അക്ഷര ദേവതാവിഗ്രഹങ്ങള്‍ പണിയുന്നത് ആദ്യമായിട്ടാണ്. അതൊരു നിയോഗമായിട്ടാണ് കാണുന്നതെന്നാണ് മൈലാടിയിലെ ശില്‍പി ഇതിനെ കുറിച്ച് പ്രതികരിച്ചത്.

ശില്‍പ ഗ്രാമം

ശില്‍പങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ സര്‍വവിധ സന്നാഹങ്ങളും പ്രകൃതി തന്നെ ഒരുക്കി നല്‍കിയ ഗ്രാമം. അതാണ് മൈലാടി. കറുത്തിരുണ്ട പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഗ്രാമം. പണിയുമ്പോള്‍ അടര്‍ന്നുപോകാത്ത തരത്തിലുള്ള നല്ല ഉറപ്പുള്ള പാറകളാണ് ശില്‍പ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. അത്തരം പാറകള്‍ നിറഞ്ഞതാണ് ഈ പ്രദേശം.മൈലാടി പാറയില്‍ നിന്നും അതിനപ്പുറത്തുള്ള അമരാവതി വിളയില്‍ നിന്നുമുള്ള കറുത്ത ശിലകളാണ് ശില്‍പ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. നാഗര്‍കോവിലില്‍നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരെയുള്ള മൈലാടി ഗ്രാമത്തിലും തൊട്ടടുത്ത വഴുക്കന്‍പാറയിലുമായി ശിലകള്‍ നിര്‍മിക്കുന്ന 150ഓളം പട്ടറകളാണുള്ളത്. ഇവിടുത്തെ ശില്പികളുടെ കൈവിരുത് ലോകപ്രസിദ്ധവുമാണ്. തഞ്ചാവൂര്‍ കഴിഞ്ഞാല്‍ തെക്കേ ഇന്ത്യയില്‍ ശില്‍പ നിര്‍മ്മാണം കാണാന്‍ കഴിയുന്നത് ഇവിടെ മാത്രമായിരിക്കും. രാജഭരണ കാലത്തെ അനുവദിച്ചു കിട്ടിയ അവകാശമാണ് ഇവിടെയുള്ളവര്‍ക്ക് ശില്‍പനിര്‍മ്മാണം. ആയിരത്തോളം കുടുംബങ്ങള്‍ ഈ തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. വര്‍ഷം മുഴുവനും പണികള്‍ നടക്കുമെങ്കിലും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് സീസണ്‍ വര്‍ക്ക് നടക്കുന്നത്. മീനം, മേടം മാസങ്ങളിലാണ് ക്ഷേത്രങ്ങളില്‍ കൂടുതലായി വിഗ്രഹപ്രതിഷ്ഠ നടക്കുന്നത്. ശിലകള്‍ മാത്രമല്ല, കല്‍ത്തൂണുകള്‍, കല്‍വിളക്ക്, അമ്മിക്കല്ല്, വേലിക്കല്ല്, ഉരല്‍ തുടങ്ങിയവയും ഇവര്‍ നിര്‍മിക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *