ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢില്‍ ഭൂവുടമയുടെ അനുവാദമില്ലാതെ നിര്‍മ്മിച്ച കൊറോണ മാതാ ക്ഷേത്രം പൊളിച്ച് നീക്കിയ പൊലീസ് നടപടി ചോദ്യം ചെയ്ത് ഹര്‍ജി ഫയല്‍ ചെയ്ത സ്ത്രീയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് സുപ്രീംകോടതി. നീതിന്യായ സംവിധാനം ദുരുപയോഗം ചെയ്തുവെന്ന് കാണിച്ചാണ് കോടതി പിഴ ഈടാക്കിയത്.ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ ദീപ്മാല ശ്രീവാസ്തവ എന്ന സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഗ്രാമത്തെ കോവിഡില്‍ നിന്ന് രക്ഷിക്കനായാണ് ദീപ്മാലയും ഭര്‍ത്താവ് ലോകേഷ് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് പ്രതാപ്ഗഢിലെ ശുക്ലപുര്‍ ഗ്രാമത്തില്‍ കൊറോണ ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ച് ക്ഷേത്രം നിര്‍മ്മിച്ചത്. ക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ ഭൂമി കൈയേറ്റമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന ഭൂവുടമയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി.
നാലാഴ്ചയ്ക്കകം പിഴ സംഖ്യ കോടതിയിലെ അഭിഭാഷകരുടെ ക്ഷേമനിധിയില്‍ അടയ്ക്കണമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളും എംഎം സുന്ദരേഷ് അടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.



