കൊല്ലം: കൊല്ലം കരുനാഗപ്പളളിയില്‍ നോക്കാനേല്‍പ്പിച്ച കുതിരയുടെ കണ്ണ് അടിച്ചു തകര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് പോലീസിന്റെ ആഭ്യന്തര അന്വെഷണ റിപ്പോര്‍ട്ട്. ആദിനാട് സ്വദേശി മനുവിന്റെ ചാര്‍ളിയെന്ന കുതിരയെയാണ് കരുനാഗപ്പളളി സ്വദേശിയായ പോലീസ്‌കാരന്‍ ഉപദ്രവിച്ചത്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസറായ ബക്കറിനെതിരെ കഴിഞ്ഞ ദിവസം കരുനാഗപ്പളളി പോലീസ് കേസെടുത്തിരുന്നു.
സുഹൃത്തിന് കുതിരയെ വാങ്ങാനായി രാജസ്ഥാനിലേക്ക് പോകേണ്ടി വന്നപ്പോഴാണ് മനു സമീപവാസിയും അശ്വസേനാംഗവുമായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ബക്കറിനെ കുതിരയെ നോക്കാന്‍ ഏല്‍പ്പിച്ചത്. ഇയാളുടെ വീട്ടില്‍ കുതിരകളുണ്ട്. എന്നാല്‍ കുതിര കയ്യില്‍ കടിച്ചന്ന് പറഞ്ഞ് ബക്കര്‍ മനുവിനെ വിളിച്ചിരുന്നു. ഇതുപ്രകാരം കുതിരയെ തിരിച്ചുകൊണ്ടു വരാനായി മനുവിന്റെ സു ഹൃത്ത് എത്തിയപ്പോള്‍ കുതിരയുടെ നാലുകാലുകളും ചേര്‍ത്ത് കെട്ടി മറിച്ചിട്ട നിലയിലായിരുന്നെന്ന് മനു പറയുന്നു. മര്‍ദ്ദനത്തില്‍ കുതിരയുടെ കണ്ണുകളും തകര്‍ന്ന നിലയിലായിരുന്നു.
കണ്ണില്‍ അ്‌ടിയേറ്റ കുതിരയുടെ കാഴ്‌ചശക്തി ഭാഗീകമായി നഷ്ടപ്പെട്ടു. കാലുകളിലും മുതുകത്തും മുറിവികളുണ്ട് . പോലീസുകാരന്‍ പട്ടിയെ വിട്ട് കടിപ്പിച്ചതായും പരാതിയില്‍ പറയുന്നു.പൂര്‍ണ ആരോഗ്യവാനായിരുന്ന കുതിര ഇപ്പോള്‍ അവശനിലയിലാണ്. മനുവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്നാണ് കരുനാഗപ്പളളി പോലീസിന്‍റെ പ്രാഥമികാന്വെഷണ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പോലീസ് ഉദ്യോഗസ്ഥനായ ബക്കറിനെതിരെ നടപടി ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കരുനാഗപ്പളളി പോലീസ് നല്‍കിയത്.




