റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിനുളളിലെ ശബ്ദത്തിന്‌ കാരണം കുഴലീകൃത മണ്ണൊലിപ്പെന്ന വിലയിരുത്തല്‍

October 2, 2021 - 9:12 am

കോഴിക്കോട്‌ : പോലൂരിലെ വീട്ടിലെ അജ്ഞാത ശബ്‌ദത്തിന്‌ കാരണം കുഴലീകൃതമണ്ണൊലിപ്പെന്ന വിലയിരുത്തല്‍. നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത്‌ സയന്‍സ്‌ സറ്റഡീസിന്റെ സഹായത്തോടെ സ്ഥലത്ത് ഭൗമശാസ്‌ത്ര പഠനം നടത്തും. വീട്‌ നില്‍ക്കുന്ന പറമ്പിലേക്ക്‌ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെളളം തറക്കടിയിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്‌ . ഭൂമിക്കടിയിലൂടെ വെളളം ഒഴുകുകയും മണ്ണൊലിപ്പുണ്ടാവുകയും ചെയ്യുന്നത്‌ കാരണമാവാം എന്നാണ്നിഗമനം. 2021 ഒക്ടോബര്‍ 1ന്‌ രാവിലെയും സംഘം വീട്ടിലെത്തി പരിശോധിച്ചശേഷം കണ്ടെത്തലുകള്‍ ദുരന്ത നിവാരണ അതോരിറ്റിക്ക്‌ സമര്‍പ്പിച്ചു.

ഉരുള്‍ പൊട്ടല്‍ സാധ്യതയുളള സ്ഥലത്താണോ വീടിരിക്കുന്നതെന്നും പരിശോധിച്ചു. വനം വകുപ്പുമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ റവന്യൂ മന്ത്രി വിദഗ്‌ദ സംഘത്തെ അയച്ചത്‌. മുഴക്കത്തിന്റെ കാരണം കണ്ടെത്താന്‍ കൂടുതല്‍ സര്‍വേ ആവശ്യമാണ്‌. വീട്‌ നില്‍ക്കുന്ന ഭൂമിക്കടിയിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും പുറത്ത്‌ വിടുന്ന മര്‍ദ്ദം , ഖനനം തുടങ്ങിയവയാണ്‌ ശബ്ദം കേള്‍ക്കാനുളള മറ്റു കാരണങ്ങളായി കണക്കാക്കുന്നത്‌ .എന്നാല്‍ രണ്ടുകിലോമീറ്ററിനുളളില്‍ ക്വാറികള്‍ ഇല്ലെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

പോലൂര്‍ ക്ഷേത്രത്തിന്‌ സമീപം തെക്കേമാരത്ത്‌ ബിജുവിന്റെ വീട്ടിലാണ്‌ രണ്ടാഴ്‌ചയിലധികമായി മുഴക്കം കേള്‍ക്കുന്നത്‌. ഫയര്‍ഫോഴ്‌സും ജിയോളജി ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു. വീടിന്‌ രണ്ടാം നില നിര്‍മിച്ചതിന്‌ പിന്നാലെയാണ്‌ മുഴക്കം കേള്‍ക്കാന്‍ തുടങ്ങിയത്‌. ആദ്യം തോന്നലാവുമെന്ന്‌ കരുതിയെങ്കിലും പിന്നീട്‌ ശബ്ദം കേള്‍ക്കുന്നത്‌ യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമായി. സമീപത്തുളള മറ്റു വീടുകളിലൊന്നും ഇത്തരം പ്രതിഭാസം അനുഭവപ്പെടുന്നില്ലയെന്നതും വീട്ടുകാരെ ആശങ്കയിലാക്കി.

താഴത്തെ നിലയില്‍ നില്‍ക്കുമ്പോള്‍ മുകളിലത്തെ നിലയില്‍ നിന്നും മുകളിലെത്തുമ്പോള്‍ താഴെനിലയില്‍ നിന്നുമാണ്‌ അജ്ഞാത ശബ്ദം കേള്‍ക്കുന്നത്‌. ഹാളില്‍ പാത്രത്തിനുളളില്‍ വെളളം നിറച്ചുവെച്ചപ്പോള്‍ പുറത്തേക്ക്‌ ഒഴുകുന്ന അവസ്ഥ കൂടിയായതോടെ ഭീതി പ്രദേശത്തെങ്ങും പരന്നു. അഞ്ച്‌ വര്‍ഷം മുമ്പാണ്‌ വീട്‌ പണിതത്‌ . ആറുമാസം മുമ്പ്‌ രണ്ടാം നിലയും പണിതു. പ്രദേശത്ത്‌ ഒരുവീട്ടില്‍ മാത്രമായി അനുഭവപ്പെടുന്നതിനാല്‍ ഭൂകമ്പ സാധ്യതകള്‍ വിദ്‌ഗ്‌ദര്‍ തളളിക്കളയുകയാണ്‌ . മണ്ണോ പാറയോ നീക്കം ചെയ്‌തശേഷം പിന്നീട്‌ മണ്ണുനിറച്ച പ്രദേശത്താണെങ്കില്‍ ചെളിയില്‍ നിന്ന്‌ വായുവിനെ പുറന്തളളുമ്പോള്‍ ഇത്തരം ശബ്ദം ഉണ്ടാവാന്‍ സാധ്യയുണ്ടെന്ന്‌ ജിയോളജി വിഭാഗം വിലയിരുത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *