തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വീണ്ടും നടപടി. അഡ്‌മിനിസട്രേറ്റര്‍ എംസി അജിത്തിനെ മാറ്റി. ബാങ്ക് തട്ടിപ്പുസംബന്ധിച്ച് 2018ല്‍ അന്വേഷണം നടത്തിയത് ഇതേ അഡ്‌മിനിസ്‌ട്രേറ്ററായിരുന്നതിനാലാണ് മാറ്റിയത്. പകരം മൂന്നംഗ അ്‌ഡ്‌മിനിസ്‌ട്രേറ്റീവ് കമ്മറ്റിക്ക് ചുമതല നല്‍കി ഉത്തരവായി. ബാങ്കിന്‍റെ ഓഡിറ്റ് നടപടികളുടെ മേല്‍നോട്ടം കഴിഞ്ഞ നാലുവര്‍ഷമായി വഹിച്ചിരുന്നത് എംസി അജിത്താണ് തട്ടിപ്പുകള്‍ കണ്ടെത്തി നടപടികള്‍ എടുക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
അഡിമിനിസ്‌ട്രേറ്റര്‍ക്ക് ബാങ്കിലെ എല്ലാ തട്ടിപ്പുകളും അറിയാമായിരുന്നുവെന്നും അദ്ദേഹം നിശബ്ദത പാലിക്കുകയായിരുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സഹകരണ രജിസ്‌ട്രാര്‍ ഇക്കാര്യം പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്‌തത്. അഡ്‌മിനിസട്രേറ്റര്‍ക്ക് പകരമായി മൂന്നംഗ സമിതിയേയും നിയമിച്ചു. സീനിയര്‍ അസിസറ്റന്റ് രജിസ്‌ട്രാര്‍ ടികെ രവീന്ദ്രന്‍ ,സീനിയര്‍ ഇന്‍സ്‌പെക്ടര്‍മാരായ എ.എം വിനോദ് ,കെകെപ്രമോദ് എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഭരണ ചുമതല മുഴുവന്‍ കമ്മറ്റിക്ക് കൈമാറി.
തട്ടിപ്പുനടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സിപിഎമ്മിന്റെ നേതൃത്വത്തിലുളള ഭരണ സമിതി സഹകരണ രജിസ്‌ട്രാര്‍ നേരത്തെ പിരിച്ചു വിട്ടിരുന്നു. ഭരണ സമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെകെ ദിവാകരന്‍ പ്രസിഡന്‍റായ ഭരണ സമിതി ജില്ലാ രജിസ്‌ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദമുരം അസി. രജിസ്‌ട്രാറാണ് എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റായി ചുമതലപ്പെടുത്തിയത്.



