റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഏറ്റെടുത്ത പൊതുമരാമത്ത് പ്രവൃത്തികളില്‍ അലംഭാവം കാണിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.  ജില്ലയില്‍ റോഡ്, കിഫ്ബി, പാലം, ദേശീയപാത വിഭാഗങ്ങളില്‍ പെടുന്ന വിവിധ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റില്‍ ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത എംഎല്‍മാരുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  

ജില്ലയിലെ പല പ്രവൃത്തികളിലും പൂര്‍ത്തീകരണത്തിന് സമയപരിധി നീട്ടിക്കൊടുത്തത് സംബന്ധിച്ച് പൊതുജനങ്ങളില്‍നിന്നും വ്യാപകമായ പരാതി ലഭിക്കുന്നുണ്ട്. നിശ്ചിത സമയ പരിധിക്ക് ശേഷം വർഷങ്ങളായിട്ടും പല പ്രവൃത്തികളും പൂർത്തീകരിച്ചിട്ടില്ല. കൈതപ്പൊയില്‍- അഗസ്ത്യമൂഴി, തിരുവമ്പാടി- പുന്നക്കല്‍, വടക്കുമ്പാട്- വഞ്ചിപ്പാറ, ചക്കിട്ടപ്പാറ, പേരാമ്പ്ര-ചെമ്പ്ര- കൂരാച്ചുണ്ട്, നരിക്കുനി- പുന്നശ്ശേരി റോഡുകള്‍ ഉദാഹരണങ്ങളാണ്.  ഏറ്റെടുത്ത പ്രോജക്ടുകള്‍ കാലാകാലങ്ങളായി അവരവരുടെ കൈയിലിരിക്കുമെന്ന് കരാറുകാര്‍ പ്രതീക്ഷിക്കരുത്.  സൈറ്റുകളില്‍ ഇടക്കിടെ പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ ഫലപ്രദമായി ഇടപെടണം.  കരാറുകാരുടെ ഭാഗത്തുനിന്നും പ്രശ്‌നമുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

കുറ്റ്യാടി ബൈപ്പാസ് നിര്‍മാണത്തില്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കും. കുറ്റ്യാടി ചുരം പുന:നിര്‍മാണം ഗൗരവമായി പരിഗണിക്കും. ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ സംബന്ധിച്ച് എംല്‍എ മാര്‍ നല്‍കിയ റിപ്പോര്‍ട്ട്  വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പരിശോധിക്കും. നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം. കിഫ്ബി പ്രവൃത്തികള്‍ നിര്‍ദ്ദിഷ്ട സമയത്ത് പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

 നിര്‍മാണപ്രവര്‍ത്തനങ്ങളെല്ലാം കൂട്ടായ പ്രവര്‍ത്തനങ്ങളാക്കി മാറ്റണം.  വകുപ്പുകള്‍ തമ്മില്‍ ഏകോപനവും വേണം.  പദ്ധതികള്‍ക്ക്  സാങ്കേതിക അനുമതി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുത്.  പരമാവധി ഫയലുകള്‍ ഇ- ഫയലുകളാക്കി അന്നന്ന് തീര്‍പ്പാക്കണം.  സ്ഥലമെടുപ്പ് നടപടികള്‍ വേഗത്തിലാക്കണം.  വകുപ്പുമായി ബന്ധപ്പെട്ട് മാതൃകാപരമായ ഇടപെടലുകള്‍ നടന്ന ജില്ലയാണ് കോഴിക്കോടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികല്‍ പരിഹരിക്കുന്നതിനും പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടത്തിയത്.  എംഎല്‍എമാരില്‍ നിന്നും വിവരശേഖരണം നടത്തിയശേഷം ജീവനക്കാരുമായി സംസാരിച്ച് നടപടിയെടുക്കും.  ഇതിനോടകം ഒമ്പത് ജില്ലകളില്‍ ജീവനക്കാരുമായി കൂടിക്കാഴ്ച പൂര്‍ത്തിയാക്കി.

വനം വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍, തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ജില്ലാ കളക്ടര്‍ സാംബശിവ റാവു, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടറേറ്റില്‍നിന്നും എംഎല്‍എമാരായ ടി.പി.രാമകൃഷ്ണന്‍, കാനത്തില്‍ ജമീല, കെ.എം.സച്ചിന്‍ദേവ്, പിടിഎ റഹീം, തോട്ടത്തില്‍ രവീന്ദ്രന്‍, ഇ.കെ.വിജയന്‍, കെ.കെ.രമ, കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍, ലിന്റോ ജോസഫ്, എം.കെ.മുനീര്‍ എന്നിവര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *