ബംഗളൂരു: മനുഷ്യ മസ്തിഷകത്തെ അനുകരിക്കുന്ന കൃത്രിമ സിനാപ്റ്റിക് നെറ്റ്വര്‍ക്ക് വികസിപ്പിച്ച് ബംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ശാസ്ത്രജ്ഞര്‍. മെറ്റീരിയല്‍സ് ഹൊറൈസണ്‍സ് ജേണലില്‍ ആണ് കണ്ടെത്തല്‍ സംബന്ധിച്ച ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ന്യൂറോണല്‍ ബോഡികളെയും ആക്‌സോണല്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയെയും അനുകരിക്കുന്ന കണ്ണികളാണിവ. ഭൂമിയിലെ ജീവികളിലെ അവയവങ്ങളില്‍ മനുഷ്യമസ്തിഷ്‌കമാണ് ഏറ്റവും സങ്കീര്‍ണ്ണമായത്. അസംഖ്യം ന്യൂറല്‍ ശൃഖല മനുഷ്യമസ്തിഷ്‌കത്തിലുണ്ട്. ഏതാണ്ട് ആയിരം ട്രില്ല്യന്‍ ( ഒരു ട്രില്ല്യന്‍= ഒരു ലക്ഷം കോടി) സിനാപ്റ്റിക് കണ്ണികള്‍ മസ്തിഷ്‌കത്തില്‍ ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. പുതിയ ന്യൂറല്‍ ശൃഖലകള്‍ രൂപീകരിക്കാനുള്ള ജനിതക ഘടന മനുഷ്യ മസ്തിഷ്‌കത്തെ മൃഗങ്ങളുടേതില്‍ നിന്നു വ്യത്യസ്തമാക്കുന്നു. ഇത്തരത്തിലുള്ള ജൈവിക ന്യൂറല്‍ കണ്ണികള്‍ക്ക് സമാനമായ ഒരു നാനോ മെറ്റീരിയല്‍ വികസിപ്പിച്ചതിലൂടെ, നൂതന ന്യൂറോമോര്‍ഫിക് കൃത്രിമബുദ്ധി വികസന മേഖലയില്‍ ജെഎന്‍സിഎഎസ്ആര്‍ ടീമിന്റെ കണ്ടെത്തല്‍ നിര്‍ണായകമാണ്.



