കണ്ണൂര്‍: കിടപ്പുമുറിയില്‍ ദേഹത്ത് തീ പടര്‍ന്ന നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും ആശുപത്രിയില്‍ മരിച്ചു. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ.ജിജീന (24) മകള്‍ അന്‍വിക(4) എന്നിവരാണ് മരിച്ചത്. നിഷാദ് സൗദി അറേബ്യയിലാണ്. 2021 ഏപ്രില്‍ 17ന് രാവിലെ 6.30ഓടെ കുഞ്ഞിന്റെ നിലവിളി കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കിടപ്പുമുറിയുടെ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോഴാണ് തീ കത്തുന്നത് കണ്ടത്. അകത്തുനിന്ന പൂട്ടിയ വാതില്‍ ചവിട്ടി പൊളിച്ചാണ് അയല്‍വാസികൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഉച്ചയോടെ മരിച്ചു.
കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കട്ടിലില്‍ കൂട്ടിയിട്ടനിലയിലാണ് . കിടക്കയും വസ്ത്രങ്ങളും ഭാഗീകമായി കത്തി നശിച്ചിട്ടുണ്ട്. പൊളളലേറ്റ കുഞ്ഞിനെ രക്ഷിക്കാനുളള ശ്രമത്തിനിടയില്‍ നിഷാദിന്റെ അച്ഛന് പുരുഷോത്തമന് കാലില്‍ പൊളളലേറ്റു.
സൗദിയില്‍ മെക്കാനിക്കായി ജോലി ചെയ്യുന്ന നിഷാദ് രണ്ടു വര്‍ഷം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. ആറുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. കുമ്മാനത്തെ രാജീവന്റെയും കേളമ്പേത്ത് പ്രസന്നയുടെയും മകളാണ് മരിച്ച ജിജീന. രണ്ട് സഹോദരിമാരുണ്ട് . ഫോറന്‍സിക് വിഭാഗം തെളിവുകള്‍ ശേഖരിച്ചു. മട്ടന്നൂര്‍ സി ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തില്‍ പോലീസ് വീട്ടില്‍ പരിശോധന നടത്തി. മേല്‍നടപടികള്‍ സ്വീകരിച്ചു.

